Skip to main content

ചിലവന്നൂർ പാലം പുനർനിർമ്മാണത്തിന് 6.08 കോടി

 

*ടെൻഡറിന് സർക്കാർ അനുമതി; തുടർനടപടികൾ വേഗത്തിലാക്കും: ടി.ജെ. വിനോദ് എം.എൽ.എ

സുഭാഷ്ചന്ദ്ര ബോസ് റോഡിലെ  ചിലവന്നൂർ കനാലിന് കുറുകെയുള്ള പാലത്തിന്റെ (കലുങ്ക്) പുനർനിർമ്മാണത്തിന് വഴിയൊരുങ്ങി. പാലം പുനർനിർമ്മിക്കുന്നതിനുള്ള ടെൻഡർ അംഗീകരിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. ചിലവന്നൂർ പാലത്തിന്റെ പുനർനിർമ്മാണം യാഥാർഥ്യമാക്കുന്നതിനായി ടി.ജെ. വിനോദ് എം.എൽ.എ നടത്തിയ നിരന്തര ഇടപെടലുകൾക്കും ഫോളോ അപ്പിനും പിന്നാലെയാണ് ടെൻഡറിന് സർക്കാർ അനുമതി ലഭിച്ചത്.

കൊച്ചി നഗരത്തിലെ കനാലുകളെ പുനരുജ്ജീവിപ്പിച്ച് നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനും കനാലുകളിലൂടെയുള്ള ജലഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായി നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം (IURWTS) പദ്ധതിയുടെ ഭാഗമായാണ് ചിലവന്നൂർ പാലം പുനർനിർമ്മിക്കുന്നത്.

6 കോടി 7.70 ലക്ഷം രൂപയാണ് ടെൻഡർ തുക. 18 ശതമാനം ജി.എസ്.ടി. ഉൾപ്പെടെ 6,07,70,000 രൂപയുടെ ടെൻഡറിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കിഫ്ബി ധനസഹായത്തോടെ കെ.എം.ആർ.എൽ. മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

പാലം പുനർനിർമ്മിക്കുന്നതിനുള്ള നടപടികളിൽ വിവിധ ഘട്ടങ്ങളിൽ ഉണ്ടായ തടസ്സങ്ങൾ പരിഹരിക്കുന്നതിനും ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നതിനുമായി ടി.ജെ. വിനോദ് എം.എൽ.എ ബന്ധപ്പെട്ട വകുപ്പുകളുമായും ഉദ്യോഗസ്ഥരുമായും നിരന്തരം ആശയവിനിമയം നടത്തി ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു. പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ നടത്തിയ തുടർ ഇടപെടലുകളുടെ ഭാഗമായാണ് ഇപ്പോൾ ടെൻഡറിന് സർക്കാർ അനുമതി ലഭിച്ചിരിക്കുന്നത്.

ചിലവന്നൂർ കനാലിന് കുറുകെയുള്ള പാലത്തിന്റെ പുനർനിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു. 2025 മാർച്ചിനും ഓഗസ്റ്റിനുമിടയിൽ നാല് തവണ ടെൻഡർ ക്ഷണിച്ചെങ്കിലും ആദ്യ രണ്ട് തവണയും ബിഡ് ലഭിച്ചിരുന്നില്ല. മൂന്നാം തവണ ലഭിച്ച ഏക ബിഡ് എസ്റ്റിമേറ്റ് തുകയേക്കാൾ ഉയർന്നതായതിനാൽ അത് റദ്ദാക്കി. തുടർന്ന് നടത്തിയ നാലാം ടെൻഡറിൽ ലഭിച്ച ഏറ്റവും കുറഞ്ഞ ടെൻഡറിനാണ് ഇപ്പോൾ സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

ടെൻഡർ നടപടികളിലെ കാലതാമസം ഒഴിവാക്കി പാലം പുനർനിർമ്മാണം വേഗത്തിൽ ആരംഭിക്കണമെന്ന നിലപാടാണ് ടി.ജെ. വിനോദ് എം.എൽ.എ സ്വീകരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി സർക്കാർ തലത്തിലും ബന്ധപ്പെട്ട ഏജൻസികളുമായും എം.എൽ.എ തുടർച്ചയായി ഫോളോ അപ്പ് നടത്തിയിരുന്നു.

കൊച്ചി നഗരത്തിലെ പ്രധാന കനാലുകളെ പുനരുജ്ജീവിപ്പിക്കുക, കനാലുകളുടെ സ്വാഭാവിക നീരൊഴുക്ക് മെച്ചപ്പെടുത്തുക, നഗരത്തിലെ വെള്ളക്കെട്ടിന് ദീർഘകാല പരിഹാരം ഒരുക്കുക, മുൻകാലത്ത് നിലനിന്നിരുന്ന ജലഗതാഗത സംവിധാനം പുനഃസ്ഥാപിക്കുക എന്നിവയാണ് IURWTS പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

പദ്ധതിക്ക് ആദ്യം 1,528.27 കോടി രൂപയുടെ തത്വത്തിലുള്ള അനുമതിയും പിന്നീട് 3,716.10 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയും സർക്കാർ നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചിലവന്നൂർ ഉൾപ്പെടെയുള്ള കൊച്ചിയിലെ വിവിധ കനാലുകളുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ നടപ്പാക്കിവരികയാണ്.

സർക്കാർ അനുമതി ലഭിച്ച സാഹചര്യത്തിൽ ചിലവന്നൂർ പാലത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കി നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു.

date