സർവീസ് ക്ലിനിക്കുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്
*ജീവനക്കാരുടെ സർവീസ് പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുമെന്ന് മന്ത്രി റോജി എം ജോൺ
ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന സർവീസ് സംബന്ധമായ പരാതികളും ഫയലുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക 'സർവീസ് ക്ലിനിക്ക്' ആരംഭിച്ചു. സെക്രട്ടറിയേറ്റ് അനക്സ് ലയം ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ സർവീസ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. വകുപ്പിലെ ജീവനക്കാരുടെ സർവീസ് പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുകയാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ മാത്രം ആയിരക്കണക്കിന് ഫയലുകളാണ് വർഷങ്ങളായി കെട്ടിക്കിടക്കുന്നത്. അഞ്ചു വർഷത്തിലധികം പഴക്കമുള്ള ഫയലുകൾ പോലും തീരുമാനമായിട്ടില്ല. അപേക്ഷകർ ഓഫീസുകളിൽ കയറി ഇറങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. കെട്ടിക്കിടക്കുന്ന ഫയലുകളിൽ വലിയൊരു ശതമാനവും ജീവനക്കാരുടെ സർവീസുമായി ബന്ധപ്പെട്ടാണ്. ഈ വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനാണ് സർവീസ് ക്ലിനിക് ആരംഭിക്കുന്നത്. ക്ലിനിക്കിന്റെ ഭാഗമായി ഇന്ന് മാത്രം 32 ഓളം ഫയലുകൾ പരിശോധിച്ച് പരമാവധി തീർപ്പാക്കി. സാങ്കേതികമായി പ്രശ്നമുള്ളത് ധന, നിയമ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പരിഹാരം കാണാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
രണ്ടാം ശനിയാഴ്ച ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ട സെക്ഷനുകളിൽ സർവീസ് ക്ലിനിക്ക് പ്രവർത്തിക്കും. ജീവനക്കാരുടെ ആനുകൂല്യങ്ങൾ, സ്ഥാനക്കയറ്റം, പെൻഷൻ, സർവീസ് ക്രമവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട തടസം പരിഹരിച്ച് ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുകയാണ് ലക്ഷ്യം. വകുപ്പിലെയും ധന, നിയമ വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം. സർവീസ് വിഷയങ്ങളിലെ കാലതാമസം ഒഴിവാക്കാനും ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാനും ക്ലിനിക്കിലൂടെ കഴിയും. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പി ജയപ്രകാശ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്. 3924/2026
- Log in to post comments