Skip to main content

മറഞ്ഞത് കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയിലെ സൂര്യൻ : രമേശ് ചെന്നിത്തല

പ്രശസ്ത കലാ സംഘാടകനും നാടക പ്രവർത്തകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേരളത്തിന്റെ കലാസാംസ്‌കാരിക ഭൂമികയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു സൂര്യ കൃഷ്ണമൂർത്തി എന്നദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

താനുമായി ദശാബ്ദങ്ങൾ നീണ്ട സുഹൃദ്ബന്ധം ആണ് ഉണ്ടായിരുന്നത്. പലപ്പോഴും കലാസാംസ്‌കാരിക പ്രവർത്തനങ്ങളുമായി അദ്ദേഹത്തോട് അടുത്ത് ഇടപഴകാൻ കഴിഞ്ഞിട്ടുണ്ട്. ഉന്നത വ്യക്തിത്വമുള്ള ഒരു സാംസ്‌കാരിക പ്രവർത്തകൻ ആയിരുന്നു സൂര്യ കൃഷ്ണമൂർത്തി. അദ്ദേഹം ആവിഷ്‌കരിച്ച സൂര്യഫെസ്റ്റിവൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കലാവേദിയായിരുന്നു. ലോകമെങ്ങുമുള്ള കലാകാരന്മാരെ കേരളത്തിന്റെ തലസ്ഥാന നഗരിയിൽ അണിനിരത്തി അവരുടെ സർഗ്ഗ സപര്യ ജനങ്ങൾക്ക് ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കിയത് സൂര്യകൃഷ്ണമൂർത്തി ആയിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹം നൽകിയ സംഭാവന കാലാതീതമാണ്. സൂര്യ കൃഷ്ണമൂർത്തിയുടെ വിടവാങ്ങൽ സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണ്. നമ്മുടെ സാംസ്‌കാരിക രംഗത്ത് സൂര്യനെ പോലെ ജ്വലിച്ചു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പി.എൻ.എക്‌സ്. 3935/2026

date