സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കും- മന്ത്രി കെ. മുരളീധരൻ തൃശൂർ മെഡിക്കൽ കോളേജിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. തൃശൂർ സർക്കാർ മെഡിക്കൽ കോളേജിൽ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പുതിയ സേവനങ്ങളുടെ സമർപ്പണവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ 1960-കളിലെ സ്റ്റാഫ് പാറ്റേൺ ആണ് പിന്തുടരുന്നത്. കൂടുതൽ ഡോക്ടർമാരെ നിയമിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രികളിലെ മരുന്നുകളുടെ ക്ഷാമത്തിന് ഈ മാസം തന്നെ പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി. മരുന്നില്ലാതെ രോഗികൾ ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. എക്കാലത്തും സാധാരണക്കാരുടെ പ്രധാന ആശ്രയമായ സർക്കാർ ആശുപത്രികളിൽ മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വേഗത്തിൽ വളരുന്ന തൃശൂർ മെഡിക്കൽ കോളേജിൽ എം.ആർ.ഐ സ്കാനിംഗ് സംവിധാനം ആരംഭിച്ചത് പാവപ്പെട്ട രോഗികൾക്ക് ഏറെ പ്രയോജനകരമാണെന്ന് മന്ത്രി പറഞ്ഞു. ഉടൻ തന്നെ കൂടുതൽ മെഡിക്കൽ കോളേജുകളിൽ ഈ സൗകര്യം ലഭ്യമാക്കും.
മികച്ച ചികിത്സാ സൗകര്യങ്ങളുള്ള തൃശൂർ മെഡിക്കൽ കോളേജിൽ, നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ കൂടി പൂർത്തിയാകുന്നതോടെ കൂടുതൽ കിടത്തിച ചികിത്സ സൗകര്യങ്ങൾ ലഭ്യമാകുമെന്ന് യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. കൂടുതൽ മികച്ച ചികിത്സാ സേവനം ഉറപ്പാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
4.73 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പത്ത് ബെഡ്ഡുകളുള്ള സമഗ്ര സ്ട്രോക്ക് കെയർ യൂണിറ്റ്, പത്ത് കോടി രൂപയുടെ 1.5 ടെസ്‌ല എം.ആർ.ഐ സ്കാനിംഗ് സംവിധാനം, 1.20 കോടി രൂപ വകയിരുത്തി നവീകരിച്ച നവജാതശിശു തീവ്രപരിചരണ വിഭാഗം, 7.85 ലക്ഷം രൂപ ചെലവിൽ വിപുലീകരിച്ച സെൻട്രൽ മെഡിക്കൽ ഗ്യാസ് ആൻഡ് ഓക്സിജൻ പ്ലാന്റ് എന്നിവയാണ് ആരോഗ്യ വകുപ്പ് മന്ത്രി നാടിന് സമർപ്പിച്ചത്. കൂടാതെ പെയ്ൻ ആൻഡ് പാലിയേറ്റീവ് ഹൗസ് വിസിറ്റ്, ഓങ്കോ റീഹാബിലിറ്റേഷൻ ക്ലിനിക്ക്, ഉപകരണ സമാഹരണത്തിനായുള്ള 'സുഗമം' ക്രൗഡ് ഫണ്ടിംഗ് പദ്ധതി എന്നിവയ്ക്കും തുടക്കമായി.
കേന്ദ്ര സർക്കാരിന്റെ മുസ്കാൻ ദേശീയ ബഹുമതി നേടിയ പീഡിയാട്രിക്സ് വിഭാഗത്തെയും മികച്ച രക്തദാന സേവനങ്ങൾക്കുള്ള ദേശീയ അംഗീകാരം നേടിയ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ലഡ് ബാങ്ക്) വിഭാഗത്തെയും മന്ത്രി ഒ.ജെ. ജനീഷ് അനുമോദിച്ചു.
മെഡിക്കൽ കോളേജിന്റെ വികസനത്തിനായി വിവിധ സി.എസ്.ആർ പദ്ധതികൾ വഴി സഹായങ്ങൾ നൽകിയ വ്യക്തികളെയും സ്ഥാപനങ്ങളെയും പരിപാടിയിൽ ആദരിച്ചു. വിവിധ സി.എസ്.ആർ പദ്ധതികൾക്കുള്ള രേഖകൾ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഏറ്റുവാങ്ങി
മെഡിക്കൽ കോളേജ് അലുമിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എം.പി, തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ഹരിദാസ്, സിന്ധു അജയകുമാർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ, ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. കെ. അനിൽരാജ്, ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ലിജോ ജെ. കൊള്ളന്നൂർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments