പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള 'വെളിച്ചം 2026' ദ്വിദിന ശിൽപശാലയ്ക്ക് ഇന്ന് (സെപ്റ്റംബർ 25) തുടക്കമാകും
തൃശൂർ മുൻസിപ്പൽ കോർപ്പറേഷന്റെ 2026-2027 വർഷത്തെ വികേന്ദ്രീകൃതാസൂത്രണ പദ്ധതിപ്രകാരം പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'വെളിച്ചം 2026' ദ്വിദിന ശിൽപശാലയ്ക്ക് ഇന്ന് (സെപ്റ്റംബർ 25) തുടക്കമാകും. വിവേകോദയം ബോയ്‌സ് ഹയർ സെക്കൻ്ററി സ്കൂളിൽ രാവിലെ 9.45-ന് ആരംഭിക്കുന്ന ശിൽപശാല തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ എ. പ്രസാദ് അധ്യക്ഷത വഹിക്കും.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര കഴിവുകൾ കണ്ടെത്തുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനുമായി ലൈഫ് സ്കിൽ, സ്ട്രെസ് മാനേജ്‌മെന്റ് (മാനസിക സമ്മർദ്ദം കുറയ്ക്കൽ), പരീക്ഷ പേടി മറികടക്കൽ, പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ വിവിധ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും.
ശിൽപശാലയിൽ തൃശൂർ ഡയറ്റിലെ സീനിയർ ലക്ചറർ ഡോ. ശ്രീകല (കരിയർ ഡെവലപ്‌മെന്റ്), ലക്ചറർ പി. പ്രസി (സുസ്ഥിര വികസനം), പട്ടികജാതി വികസന ഓഫീസർ വി. പ്രബിത (വിദ്യാഭ്യാസ പദ്ധതികൾ), ലൈഫ് സ്കിൽ വിദഗ്ദ്ധ വില്ലി ജിജോ എന്നിവർ ക്ലാസുകൾ എടുക്കും.
ചടങ്ങിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ജേക്കബ് പുലിക്കോട്ടിൽ, വില്ലി ജിജോ, ഷീന ചന്ദ്രൻ, ടി.ആർ. സന്തോഷ്, കരോളി ജോഷ്വാ, കെ. ഗോപാലകൃഷ്ണൻ, മേഫി ഡെൽസൺ, കോർപ്പറേഷൻ സെക്രട്ടറി വി.പി. ഷിബു, വിവേകോദയം ബോയ്സ് എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ടി.എസ്. പത്മജ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments