ജില്ലാതല കിസാന്‍മേള
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും പത്തനംതിട്ട ആത്മയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കിസാന്‍മേള സെപ്റ്റംബര്‍ 29, 30 തീയതികളില്‍ തിരുവല്ല വളഞ്ഞവട്ടം റിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സെപ്റ്റംബര്‍ 29 രാവിലെ 9.30 ന് നടക്കുന്ന സമ്മേളനത്തില്‍ നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വര്‍ഗീസ് മാമ്മന്‍ എംഎല്‍എ അധ്യക്ഷനാകും. ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ സന്ദേശം നല്‍കും. സുസ്ഥിര കാര്‍ഷിക മികവിന്റെ മാതൃകകളായി സംസ്ഥാനതല പുരസ്‌കാരത്തിനായി പത്തനംതിട്ട ജില്ലയില്‍ നിന്നും നാമനിര്‍ദേശം ചെയ്യപ്പെട്ട കര്‍ഷക പ്രമുഖരെ ചടങ്ങില്‍ ആദരിക്കും. കര്‍ഷകരുടെ സംശയങ്ങള്‍ക്ക് വിദഗ്ധരും ശാസ്ത്രജ്ഞരും തത്സമയം മറുപടി നല്‍കുന്ന 'കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം' പരിപാടിയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. നൂതന കാര്‍ഷിക സാങ്കേതികവിദ്യകള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, വൈവിധ്യമാര്‍ന്ന പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവ മേളയില്‍ ഒരുക്കും. സെപ്റ്റംബര്‍ 30 രാവിലെ 10 ന് കര്‍ഷകര്‍ക്കായി സെമിനാറും ഉച്ചയ്ക്ക് ശേഷം വിദ്യാര്‍ഥികള്‍ക്കായി കാര്‍ഷിക പ്രശ്‌നോത്തരി, ഉപന്യാസ മത്സരങ്ങളും നടത്തും. മത്സരിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൃഷി ഭവന്‍ മുഖേന മുന്‍കൂട്ടിയും സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കി നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. മേളയില്‍ പ്രവേശനം സൗജന്യമാണ്.
- Log in to post comments