സംസ്ഥാനത്തെ പേവിഷബാധ മുക്തമാക്കുന്നതിന് സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തം വേണം: മന്ത്രി ബിന്ദു കൃഷ്ണ 'റാബീസ് ഫ്രീ കേരളം' തീവ്രയജ്ഞ വാക്സിനേഷന്‍ കാമ്പയിന്‍ നാലാം ഘട്ടം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
പേവിഷബാധമുക്ത കേരളം എന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തം ആവശ്യമാണെന്നും തൊഴില്‍, വനിത-ശിശു വികസനം , മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ. പേവിഷബാധയില്‍നിന്ന് സംസ്ഥാനത്തെ മുക്തമാക്കാന്‍ ലക്ഷ്യമിട്ട് മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 'റാബീസ് ഫ്രീ കേരളം' തീവ്രയജ്ഞ വാക്സിനേഷന്‍ കാമ്പയിന്റെ നാലാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം രാമവര്‍മ ക്ലബ്ബില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്. ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ മൃഗങ്ങളെയും കുടുംബങ്ങളെയും സമൂഹത്തെയും പേവിഷബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 27 വരെ നടക്കുന്ന നാലാംഘട്ട കാമ്പയിനില്‍ എല്ലാവരും സജീവമായി പങ്കാളികളാകണം. പേവിഷബാധ നിയന്ത്രിക്കുന്നത് മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണ്. വളര്‍ത്തുനായകള്‍ അടക്കം സംസ്ഥാനത്ത് എട്ടു ലക്ഷത്തോളം നായകള്‍ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. വളര്‍ത്തുനായകര്‍ക്ക് കൃത്യസമയത്ത് ആന്റി റാബിസ് വാക്‌സിനേഷന്‍ നല്‍കേണ്ടത് ഓരോ ഉടമയുടെയും ഉത്തരവാദിത്തമാണ്. ഒരു നായക്ക് വാക്‌സിന്‍ നല്‍കുന്നതിലൂടെ ആ മൃഗത്തെ മാത്രമല്ല, കുടുംബത്തെയും സമൂഹത്തെയും സംരക്ഷിക്കുകയാണ്. കാമ്പയിന്‍ കാലയളവില്‍ പരമാവധി വളര്‍ത്തുന്ന നായകള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ സൈബീരിയന്‍ ഹസ്‌കി വിഭാഗത്തില്‍ പെട്ട വളര്‍ത്തുനായ 'ജോയി'ക്ക് മന്ത്രിയുടെ സാന്നിധ്യത്തില്‍ വാക്‌സിനേഷന്‍ നല്‍കി.
മേയര്‍ എ കെ ഹഫീസ് അധ്യക്ഷനായി. രണ്ട് മാസത്തിനകം കൊല്ലം നഗത്തില്‍ 500 നായ്ക്കളെ താമസിപ്പിക്കാന്‍ കഴിയുന്ന ഡോഗ് ഷെല്‍ട്ടര്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജന്തുജന്യ രോഗങ്ങളില്‍ മനുഷ്യര്‍ക്ക് ഏറ്റവും ഭീഷണിയാകുന്നതാണ് പേവിഷബാധ. ഈ മാരക വൈറസ് ബാധ പ്രധാനമായും മൃഗങ്ങളുടെ കടിയേല്‍ക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. വളര്‍ത്തുമൃഗങ്ങള്‍ക്കും നായ്ക്കള്‍ക്കും കൃത്യസമയത്ത് വാക്‌സിന്‍ ഉറപ്പാക്കുന്നതിലൂടെ രോഗവ്യാപനം പൂര്‍ണമായും തടയുകയാണ് മൃഗസംരക്ഷണ വകുപ്പിന്റെ ലക്ഷ്യം.
സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. ഷീല സാലി ടി ജോര്‍ജ് പദ്ധതി വിശദീകരിച്ചു. നഗരസഭ കൗണ്‍സിലര്‍ ബി ഷൈലജ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ സിന്ധു, അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. വിന്നി ജോസഫ്, ഡോ. ജിജിമോന്‍ ജോസഫ്, ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഷീബ പി ബേബി, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എ എല്‍ ഷീജ, ഡോ. എല്‍ രജേഷ് എന്നിവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് പേവിഷ ബാധപ്രതിരോധം-അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ സാങ്കേതിക സെമിനാറും നടന്നു.
- Log in to post comments