കറ്റാനം സെന്റ് സ്റ്റീഫൻസ് സ്കൂളിൽ ക്ലാസ് മുടങ്ങിയ സംഭവം മന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു; പഠനം മുടങ്ങരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്
കായംകുളം: കറ്റാനം സെന്റ് സ്റ്റീഫൻസ് എൽ.പി സ്കൂളിലെ ഒന്നും മൂന്നും ക്ലാസ്സുകൾക്ക് അംഗീകാരം നഷ്ടപ്പെട്ടതിൽ സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു നടത്തിയ ഇടപെടൽ ഫലം കണ്ടു. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി. വിദ്യാർഥികളുടെ അധ്യയനം തടസ്സപ്പെടാതെ വേണ്ട നടപടികൾ സ്വീകരിക്കാൻ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടാണ് തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.
സ്കൂളിലെ വിദ്യാർഥികളുടെ പഠനം മുടങ്ങിയത് കായംകുളം എം.എൽ.എ കൂടിയായ മന്ത്രി എം ലിജു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനെ ധരിപ്പിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ ഉത്തരവിറങ്ങിയത്. കുട്ടികളുടെ അധ്യയനത്തിന് തടസ്സം വരാതെയും സുരക്ഷ മുൻനിർത്തി ഫിറ്റ്നസ് ലഭിച്ചിട്ടുണ്ട് എന്നുറപ്പാക്കിയും തസ്തിക നിർണയ നടപടികൾ സ്വീകരിക്കണമെന്നും ആലപ്പുഴ ഡി.ഡി.ഇക്ക് നിർദേശം നൽകിക്കഴിഞ്ഞു.
ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 41 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. അംഗീകാരം നഷ്ടമായതോടെ രണ്ടാഴ്ചയിലധികമായി ഒന്ന്, മൂന്ന് ക്ലാസുകളിലെ 18 കുട്ടികൾ സ്‌കൂളിലെത്തിയിരുന്നില്ല. മറ്റ് സ്‌കൂളുകളിൽ ഇവർ പ്രവേശനം നേടിയിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് മന്ത്രി എം ലിജു അടിയന്തര ഇടപെടൽ നടത്തിയത്. ഞായറാഴ്ച സ്കൂളിൽ എത്തിയ മന്ത്രി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശ്വാസമേകിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.
- Log in to post comments