ദാക്ഷായണി സ്വയംതൊഴിൽ സഹായ പദ്ധതി;പട്ടികജാതി വനിതകൾക്ക് അപേക്ഷിക്കാം
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ദാക്ഷായണി സ്വയംതൊഴിൽ സഹായ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തിൽപെട്ട വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ചോ അതിലധികമോയ പട്ടികജാതി വനിതകൾ അംഗങ്ങളായ സ്വയംസഹായ സംഘങ്ങൾക്കും സംരംഭങ്ങൾ ആഗ്രഹിക്കുന്ന വ്യക്തികൾക്കും അപേക്ഷിക്കാം. സംഘങ്ങൾ ജില്ലാ രജിസ്ട്രാർ ഓഫീസിലോ കുടുംബശ്രീയിലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ രജിസ്റ്റർ ചെയ്തവയായിരിക്കണം.
പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പുവരുത്തുകയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും കൂട്ടായ്മയിലൂടെ സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഗ്രൂപ്പ് സംരംഭത്തിനുള്ള സഹായത്തിന് അപേക്ഷിക്കുന്ന സംഘത്തിലെ ഓരോ അംഗത്തിന്റെയും വ്യക്തിഗത അപേക്ഷകരുടെയും കുടുംബ വാർഷിക വരുമാന പരിധി അഞ്ചു ലക്ഷം രൂപയാണ്. പ്രായം 21 മുതൽ 55 വരെ. ഏഴാം ക്ലാസ് വിജയിച്ചവരായിരിക്കണം. ഒരു ഗ്രൂപ്പിൽ ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങൾ ഉണ്ടാകാൻ പാടില്ല.
പുതിയ സംരംഭം ആരംഭിക്കുന്നതിന് പദ്ധതി തുകയുടെ 75 ശതമാനം പട്ടികജാതി വികസന വകുപ്പ് സബ്സിഡിയായി നൽകും. ഗ്രൂപ്പുകൾക്ക് പരമാവധി പത്തു ലക്ഷം രൂപയും വ്യക്തികൾക്ക് പരമാവധി 3.75 ലക്ഷം രൂപയുമാണ് ഇങ്ങനെ ലഭിക്കുക.
വായ്പാ തുക ദേശസാൽകൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, കേരള ബാങ്ക്, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ എന്നിവിടങ്ങളിൽനിന്ന് കണ്ടെത്താം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബ്ലോക്ക് , മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസുകളിൽ ഒക്ടോബർ എട്ടിനു മുൻപ് നൽകണം. കൂടുതൽ വിവരങ്ങൾ കോട്ടയം കളക്ടറേറ്റിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. ഫോൺ - 04812 562503
- Log in to post comments