ജാക്ക് വൈബുമായി നഗരാരോഗ്യകേന്ദ്രങ്ങൾ
ഗാന്ധിജയന്തിദിനാഘോഷത്തിന്റെ ഭാഗമായി ആരോഗ്യകേന്ദ്രങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തികൊണ്ട് നഗരാരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ ജാക്ക് വൈബ് ക്യാമ്പയിന് തുടക്കമായി. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ ആരോഗ്യവും ശുചിത്വവും മാനസിക ക്ഷേമവും സാമൂഹിക പങ്കാളിത്തവും ഉൾക്കൊള്ളുന്ന വിവിധ ജനകീയ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.
കൗൺസിലർമാരുടെ നേതൃത്വത്തിൽ റസിഡൻസ് അസോസിയേഷനുകൾ, മഹിള ആരോഗ്യസമിതിയംഗങ്ങൾ, ആശ, അങ്കണവാടി, കുടുംബശ്രീ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് ശുചീകരണപ്രവർത്തനങ്ങൾ നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളാണ് ആരോഗ്യകേന്ദ്രങ്ങൾ നടപ്പിലാക്കാനുദ്ദേശിക്കുന്നത്.
സ്ഥാപനങ്ങളിൽ ലഭ്യമായ സ്ഥലത്ത് പച്ചക്കറിത്തോട്ടങ്ങളോ ഔഷധസസ്യത്തോട്ടങ്ങളോ ആരംഭിക്കുക, വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ സംഗീതപരിപാടികൾ നടത്തുക, വയോജനങ്ങളുടെ മാനസികക്ഷേമം, സാമൂഹിക ഇടപെടൽ, ഓർമശക്തി, ശാരീരിക സജീവത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പരിപാടികൾ നടത്തുക, കുട്ടികൾക്കായി മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കുക, ലഭ്യമായ മതിലുകളിലും ചുവരുകളിലും ജനകീയപങ്കാളിത്തത്തോടെ ആരോഗ്യ ശുചിത്വസന്ദേശങ്ങളുടെ ചുവരെഴുത്ത് നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കും. കൂടാതെ നഗരജനകീയാരോഗ്യസ്ഥാപനങ്ങളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, സ്ഥാപന പരിധിയിൽ ലഭ്യമായ മറ്റ് ഡോക്ടർമാർ, കൗൺസിലർമാർ എന്നിവരുടെ സഹകരണത്തോടെ ക്യാമ്പുകൾ നടത്തും.
നഗരജനകീയാരോഗ്യകേന്ദ്രങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചും പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് ജാക്ക് വൈബ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്. ജില്ലയിൽ 15 നഗര കുടുംബാരോഗ്യകേന്ദ്രങ്ങളും ഒരു നഗരസാമൂഹികാരോഗ്യകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. ഇതുകൂടാതെ, 67 നഗരജനകീയാരോഗ്യകേന്ദ്രങ്ങളും ജില്ലയിൽ പുതുതായി ആരംഭിച്ചിട്ടുണ്ട്. ഇവയുടെ സേവനം ഉച്ചക്ക് 1 മുതൽ 6 വരെ ലഭ്യമാകും. സൗജന്യ ഒ.പി പരിശോധന, മരുന്നു വിതരണം, ജീവിതശൈലീ രോഗനിർണ്ണയവും ചികിത്സയും, അടിസ്ഥാന ലാബ് പരിശോധനകൾ, മാതൃ-ശിശു സംരക്ഷണ സേവനങ്ങൾ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാകുമെന്നും പൊതുജനങ്ങൾ ഈ കേന്ദ്രങ്ങളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ഹനീഷ് എം എം അഭ്യർത്ഥിച്ചു.
കൊച്ചി നഗരസഭയിൽ 38 നഗരജനകീയാരോഗ്യകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. രവിപുരം, അയ്യപ്പൻകാവ്, ഗാന്ധിനഗർ, പെരുമാനൂർ, പനമ്പിള്ളി നഗർ, തട്ടാഴം, കലൂർ നോർത്ത്, വാത്തുരുത്തി, വൈറ്റില, ചുള്ളിക്കൽ, കടേഭാഗം, പെരുമ്പടപ്പ്, പൊറ്റക്കുഴി, എളമക്കര, പുതുക്കലവട്ടം, അമരാവതി, ചക്കാമടം, കരിപ്പാലം, കൊച്ചങ്ങാടി, തറേഭാഗം, മുണ്ടംവേലി, കോണം, പുല്ലാർദേശം, ഇരവേലി, ഫോർട്ട് കൊച്ചി, നമ്പ്യാപുരം, പനയപ്പിള്ളി, എളംകുളം, പച്ചാളം, പൊന്നുരുന്നി വെസ്റ്റ്, വൈറ്റില ജനത, എറണാകുളം നോർത്ത്, കുത്താപ്പാടി, കലൂർ സ്റ്റേഡിയം, പാടിവട്ടം, മാമംഗലം, കുന്നുംപുറം, ചക്കരപ്പറമ്പ് എന്നിവിടങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്.
തൃക്കാക്കര നഗരസഭയിൽ കളത്തിക്കുഴി തെങ്ങൊട്, കരിമക്കാട്, തൂതിയൂർ, കളമശേരിയിൽ എച്ച് എം ടി കോളനി, കൂനംതായ്, എൻ എ ഡി, തൃപ്പൂണിത്തുറയിൽ ചിത്രപ്പുഴ, ചൂരക്കാട്, കൊപ്പറമ്പ് എന്നിവിടങ്ങളിലും നഗരജനകീയാരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
മറ്റ് നഗരസഭകളിലെ നഗര ജനകീയാരോഗ്യകേന്ദ്രങ്ങൾ : ചമ്പന്നൂർ, ഇ കോളനി (അങ്കമാലി), കക്കാട്, കളമ്പൂർ കോട്ടപ്പുറം (പിറവം), കുര്യന്മല, മണിയംകുളം (മൂവാറ്റുപുഴ), പെരുമ്പടന്ന, നന്ദികുളങ്ങര (നോർത്ത് പറവൂർ), മരട്, നെട്ടൂർ (മരട്), മഞ്ഞുമ്മൽ, പാതാളം (എലൂർ), തോട്ടക്കാട്ടുകര, അസിസി (ആലുവ), റയോൺപുരം വല്ലം, കാരാട്ടുപള്ളിക്കര, (പെരുമ്പാവൂർ), വെണ്ടുവഴി, കോവണ്ടപടി (കോതമംഗലം)
- Log in to post comments