Skip to main content

നെല്ല് സംഭരണം: തടസ്സങ്ങൾ നീങ്ങി

*മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

           കഴിഞ്ഞ സീസണിൽ കരാറിലേർപ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തൽ (മില്ലിംഗ്) പൂർത്തിയാക്കാൻ കഴിയാത്തതുമായ മില്ലുകളുമായി കരാറിൽ ഏർപ്പെടാൻ സപ്ലൈക്കോയ്ക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നൽകിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇതു സംബന്ധിച്ച ശിപാർശ സപ്ളൈകോ ഭക്ഷ്യവകുപ്പിനു നൽകിയിരുന്നു.

           2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി ആരംഭിക്കേണ്ടതിന്റെയും യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതിന്റെയും ആവശ്യകത കണക്കിലെടുത്താണു നടപടി. ഇതോടെ നെല്ല് സംഭരണം സംബന്ധിച്ചു നിലവിലുള്ള ആശങ്കകൾക്കു വിരാമമാകുമെന്നു മന്ത്രി അറിയിച്ചു.

           മില്ലുകളുമായുള്ള കരാറുകൾ എത്രയും വേഗം നടപ്പാക്കേണ്ടതുണ്ട്. മില്ലിംഗ് കാലയളവ് നീട്ടൽ അനുമതി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനു വിധേയമായിരിക്കും. 2025-26 ഖാരിഫ് സീസണിലെ നെല്ല് കുത്തിത്തീർക്കുന്നതിനുള്ള സമയം ജൂലൈ 31ന് അവസാനിച്ച സാഹചര്യത്തിൽ 2026 ഒക്ടോബർ 31 വരെ നീട്ടാൻ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. 2025-26 റാബി സീസണിലെ നെല്ല് കുത്തിതീർക്കാൻ 2027 ജനുവരി 31 വരെ സമയം കേന്ദ്രസർക്കാർ നിലവിൽ അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രനിർദേശങ്ങൾ സപ്ലൈകോ കർശനമായി പാലിക്കണം. കേന്ദ്രം നിശ്ചയിച്ചിട്ടുള്ള ഔട്ട്-ടേൺ അനുപാതം ഉൾപ്പെടെയുള്ള എല്ലാ വ്യവസ്ഥകളും പാലിക്കണം.

           കഴിഞ്ഞ സീസണിലെ മില്ലിംഗ് പൂർണ്ണമായും പൂർത്തിയാകുംവരെ കാത്തിരിക്കുന്നതു നെല്ല് സംഭരണം ആരംഭിക്കാൻ തടസ്സമാകുമെന്നു വിലയിരുത്തിയാണു വ്യവസ്ഥകൾക്കു വിധേയമായി അനുമതി നൽകിയത്. കഴിഞ്ഞ ഖാരിഫ് സീസണിലെ മില്ലിംഗ് കാലയളവ് ജൂലൈ 31 ന് അവസാനിച്ചെങ്കിലും, വിവിധ കാരണങ്ങളാൽ സമയപരിധിക്കകം മില്ലിംഗ് പൂർത്തിയാക്കാനായില്ല.

           കഴിഞ്ഞ സീസണിൽ നെല്ല് സംഭരിച്ച ബന്ധപ്പെട്ട ഒരോ മില്ലിലും ലഭ്യമായ നെല്ലിന്റെ സ്റ്റോക്ക്, കരാറിൽ ഏർപ്പെടുംമുമ്പ് സപ്ലൈകോ ഉദ്യോഗസ്ഥർ പരിശോധിച്ചു വിലയിരുത്തും. മുൻ സീസണിലെ ബാക്കി നെല്ലും അനുബന്ധ ബാധ്യതകളും കൃത്യമായി കണക്കിൽപ്പെടുത്തിയിട്ടുണ്ടെന്നും, നിശ്ചിത കാലയളവിനകം മില്ലിംഗ് പൂർത്തിയാക്കുമെന്നും, അരി സപ്ലൈകോ/സർക്കാരിന് എത്തിക്കുമെന്നുമുള്ള സത്യവാങ്മൂലം മിൽ ഉടമ സപ്ലൈകോയ്ക്കു സമർപ്പിക്കണം. കരാറിൽ മില്ലുകളെ ഉൾപ്പെടുത്തുന്നത് അവയുടെ സ്റ്റോക്ക് പരിശോധനയും സത്യവാങ്മൂലവും പരിഗണിച്ചാവും.

           കഴിഞ്ഞ സീസണുകളിലെ സ്റ്റോക്ക്, മില്ലിംഗ്, അരി വിതരണ അക്കൗണ്ടുകൾ പ്രത്യേകമായും വ്യക്തമായും സൂക്ഷിക്കണം. ബാക്കി നെല്ല്/ അരി കൂട്ടിക്കലർത്തുകയോ പരസ്പരം മാറ്റി കണക്കാക്കുകയോ ചെയ്യരുത്.

           പ്രത്യേക അനുമതിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന മില്ലുകളുടെ പട്ടിക കൃത്യമായി പരിശോധിച്ചുറപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണെന്നും 2025-26 ഖാരിഫ്, റാബി സീസണുകളുമായി ബന്ധപ്പെട്ട ബാക്കി നെല്ല്, മില്ലിംഗ് നില, ബാധ്യതകൾ എന്നിവയുടെ വിശദാംശങ്ങൾ കൃത്യമായും വെവ്വേറെയും പരിപാലിക്കുന്നുണ്ടെന്നും സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഉറപ്പാക്കണം.

           പ്രത്യേകാനുമതി ഉത്തരവിൽ ഉൾപ്പെട്ട മില്ലുകളുടെ വിശദാംശങ്ങൾ, ഓരോ മില്ലിലും ലഭ്യമായ നെല്ലിന്റെ സ്റ്റോക്ക്, അതത് വിള സീസണുകളിൽ മില്ലിംഗ് ചെയ്യാൻ ശേഷിക്കുന്ന അളവ്, അനുബന്ധ മില്ലിംഗ്, ബാധ്യതകളുടെ അവസ്ഥ എന്നിവ ഉൾക്കൊള്ളുന്ന സംയോജിത പ്രസ്താവന സപ്ലൈകോ മാനേജിംഗ് ഡയറക്ടർ സർക്കാരിനു സമർപ്പിക്കണമെന്നു നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

പി.എൻ.എക്‌സ്. 4174/2026

date