Skip to main content

പത്തനംതിട്ട വിശ്രമകേന്ദ്രത്തിലെ  പുതിയ വിഐപി ബ്ലോക്കിന്റെ  നിര്‍മാണോദ്ഘാടനം ഇന്ന് (18)

 

പത്തനംതിട്ട വിശ്രമകേന്ദ്രത്തിലെ പുതിയ വിഐപി ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് (18) പകല്‍ 11:30ന് പൊതുമരാമത്ത്-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. വിശ്രമകേന്ദ്ര പരിസരത്ത് ചേരുന്ന യോഗത്തില്‍ വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. 

എം.എല്‍.എമാരായ മാത്യു.ടി തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, അടൂര്‍ പ്രകാശ്, പത്തനംതിട്ട നഗരസഭ അധ്യക്ഷ അഡ്വ.ഗീതാ സുരേഷ്, നഗരസഭ പ്രതിപക്ഷനേതാവ് പി.കെ അനീഷ്, വാര്‍ഡ് കൗണ്‍സിലര്‍ സുശീല പുഷ്പന്‍, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി നായര്‍, കെട്ടിടവിഭാഗം ചീഫ് എഞ്ചിനിയര്‍ ഇ.കെ ഹൈദ്രു, ദക്ഷിണമേഖല സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ഡി.ഹരിലാല്‍, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ എസ് സുധ, സംഘാടക സമിതി രക്ഷാധികാരി കെ.പി.ഉദയഭാനു, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ശബരിമല തീര്‍ഥാടന കാലത്തില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി വിഐപികള്‍ എത്തുമ്പോള്‍ നിലവിലെ സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിഐപി ബ്ലോക്ക് നിര്‍മിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ആവശ്യങ്ങള്‍ക്കായി ജില്ലയില്‍ സര്‍ക്കാര്‍ വക കോണ്‍ഫറന്‍സ് ഹാളിന്റെ ആവശ്യകതയും ഈ സമുച്ചയത്തിലൂടെ പൂര്‍ത്തീകരിക്കും. 

2017-18ലെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 2.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഡോറാ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കരാര്‍ എടുത്തിട്ടുള്ളത്. 18 മാസമാണ് നിര്‍മാണ കാലാവധി. 

മൂന്ന് നിലകളിലായി 8468 ചതുരശ്ര അടിയിലുള്ള കെട്ടിടത്തില്‍ എട്ട് വിഐപി മുറികള്‍, 100 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ രൂപകല്‍പ്പന ചെയ്തത് പൊതുമരാമത്ത് ആര്‍ക്കിടെക്ട് വിഭാഗമാണ്. ഈ വിഐപി ബ്ലോക്കിന്റെ താഴത്തെ നിലയില്‍ നാല് വിഐപി റൂമുകളും ഓഫീസ് മുറിയും കെയര്‍ ടേക്കര്‍ റൂമും ടോയ്‌ലറ്റുമുണ്ടാകും. രണ്ടാം നിലയില്‍ നാല് വിഐപി മുറികളും ഹൗസ് കീപ്പിംഗ് സെക്ഷനുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. മൂന്നാം നിലയില്‍ 1180 ചതുരശ്ര അടിയിലുള്ള കോണ്‍ഫറന്‍സ് ഹാളും ടോയ്‌ലറ്റ് ബ്ലോക്കും ഉണ്ടാകും. നിലവില്‍ 10 മുറികളില്‍ രണ്ട് വിഐപി മുറികള്‍ മാത്രമുള്ള ഈ വിശ്രമകേന്ദ്രത്തില്‍ പുതിയ വിഐപി ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ പത്തനംതിട്ട വിശ്രമകേന്ദ്രം ജില്ലയിലെ ഏറ്റവും വലിയ വിശ്രമകേന്ദ്രമായി മാറും.                                       (പിഎന്‍പി 175/19)

date