കലഞ്ഞൂര്‍-പാടം റോഡ് നിര്‍മാണോദ്ഘാടനം ഇന്ന് (18)
കോന്നി, പത്തനാപുരം നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന കലഞ്ഞൂര്‍-പാടം റോഡിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് (18) പകല്‍ 11.30ന് കലഞ്ഞൂര്‍ ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകാരന്‍ നിര്‍വഹിക്കും. അടൂര്‍ പ്രകാശ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മനോജ് കുമാര്‍, പ്രീത രമേശ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ആര്‍.ബി.രാജീവ് കുമാര്‍, ബിനിലാല്‍, കെആര്‍എഫ്ബി ചീഫ് എന്‍ജിനീയര്‍ വി.വി.ബിനു, ദക്ഷിണമേഖല പൊതുമരാമത്ത് നിരത്തുകളും പാലങ്ങളും സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജി.ഉണ്ണികൃഷ്ണന്‍ നായര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍.അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റ്റി.എന്‍.സോമരാജന്‍, സൗദ രാജന്‍, അജോമോന്‍, രാജഗോപാലന്‍ നായര്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാന പാതയായ കായംകുളം-പത്തനാപുരം റോഡില്‍ ഇളമണ്ണൂര്‍ 23-ാം മൈലില്‍ നിന്നും തുടങ്ങി പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കലഞ്ഞൂര്‍ ജംഗ്ഷന്‍ വഴി പാടത്ത് എത്തിച്ചേരുന്ന കലഞ്ഞൂര്‍-പാടം റോഡിന് 12.47 കി.മീ ദൈര്‍ഘ്യമുണ്ട്. മലയോര പ്രദേശമായ ഇളമണ്ണൂര്‍, കുടുത്ത, കലഞ്ഞൂര്‍, വാഴപ്പാറ, മണക്കാട്ടുപുഴ, ചിതല്‍വെട്ടി, മാങ്കോട്, പാടം എന്നീ പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് റോഡ് നവീകരണം വഴിയൊരുക്കും. പ്രധാന ശബരിമല ഇടത്താവളമായ കലഞ്ഞൂര്‍ മഹാദേവക്ഷേത്രം ഈ റോഡിലാണ് സ്ഥിതിചെയ്യുന്നത്. റോഡിന്റെ നവീകരണത്തിനായി 2016-17 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. തുടര്‍ന്ന് കിഫ്ബി 2016-17 വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി 22.29 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. തുടര്‍ന്ന് കെആര്‍എഫ്ബി 21.90 കോടി രൂപയ്ക്ക് സാങ്കേതിക അനുമതി നല്‍കി. 20.45 കോടി രൂപയ്ക്കാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 2020 ഏപ്രില്‍ 14ന് മുമ്പ് പദ്ധതി പൂര്‍ത്തീകരിക്കും.
താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്തി 5.50 മീറ്റര്‍ ക്യാരേജ് വേ വീതിയില്‍ ബിറ്റുമിനസ് മെക്കാടം ആന്‍ഡ് ബിറ്റുമിനസ് കോണ്‍ക്രീറ്റ് ചെയ്ത് ഉപരിതലം പുതുക്കും. ഇരുവശങ്ങളിലുമായി 5460 മീറ്റര്‍ ഓട, പൈപ്പ് കള്‍വര്‍ട്ട് ഉള്‍പ്പെടെ 24 പുതിയ കലുങ്കുകള്‍, 2890 മീറ്റര്‍ സംരക്ഷണഭിത്തി, 10328 ച.മീറ്റര്‍ ഇന്റര്‍ലോക്ക് എന്നിവ വിഭാവനം ചെയ്തിട്ടുണ്ട്. ഭാരം കയറ്റിയ വാഹനങ്ങള്‍ ധാരാളമായി പോകുന്ന റോഡായതിനാല്‍ ഇരുവശങ്ങളിലും താഴ്ചയുള്ള ഭാഗങ്ങളില്‍ 6560 മീറ്റര്‍ ക്രാഷ് ബാരിയര്‍ വിഭാവനം ചെയ്തിട്ടുണ്ട്. റോഡ് സുരക്ഷാ ഐറ്റങ്ങളും കെഎസ്ഇബി പോസ്റ്റ്, ബിഎസ്എന്‍എല്‍ കേബിളുകള്‍, ജലവിതരണ പൈപ്പുകള്‍ എന്നിവ റോഡിന്റെ വശങ്ങളിലേക്ക് നീക്കിയിടുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.
(പിഎന്‍പി 179/19)
- Log in to post comments