ശര്‍ക്കര വ്യാപാരികള്‍ ബില്‍ സൂക്ഷിക്കണം
ജില്ലയില്‍ ശര്‍ക്കര വ്യാപാരം നടത്തുന്ന എല്ലാ വ്യാപാരികളും നിയമപരമായുള്ള പര്‍ച്ചേസ് ബില്‍ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടാല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്ക് പരിശോധനയ്ക്ക് നല്‍കണമെന്നും ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ശ്രീകല അറിയിച്ചു. ശര്‍ക്കര വാങ്ങുമ്പോള്‍ സീല്‍ഡ് പായ്ക്കറ്റുകളില്‍ നിയമം അനുശാസിക്കുന്ന ലേബല്‍ വിവരങ്ങളോടു കൂടിയവ മാത്രം വാങ്ങണം.
ഭക്ഷ്യസുരക്ഷാ വിഭാഗം അടുത്തിടെ നടത്തിയ പരിശോധനകളില്‍ ശര്‍ക്കരയില്‍ മായം കലര്‍ത്തി വില്‍പ്പന നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ശര്‍ക്കരയുടെ 17 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരു സാമ്പിള്‍ കൃത്രിമ നിറം ചേര്‍ത്തതായും രണ്ടെണ്ണം നിയമപ്രകാരമുള്ള ലേബലില്ലാത്തതായും കണ്ടെത്തി. കാര്‍ഷികോല്‍പ്പന്നം എന്ന നിലയില്‍ ശര്‍ക്കരയില്‍ യാതൊരു നിറങ്ങളോ രാസവസ്തുക്കളോ ചേര്‍ക്കുവാന്‍ പാടില്ല. എന്നാല്‍ പരിശോധനയില്‍ റോഡമിന്‍-ബി, ടാര്‍ട്രസിന്‍, ബ്രില്യന്റ് ബ്ലൂ, സണ്‍സെറ്റ് യെല്ലോ എന്നീ നിറങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ നിറങ്ങള്‍ ചേര്‍ക്കുന്നത് ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
അനുവദിക്കപ്പെട്ടില്ലാത്ത നിറങ്ങള്‍ ചേര്‍ക്കുന്നത് ക്യാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ശര്‍ക്കര വാങ്ങി ഉപയോഗിക്കുന്ന ഉപഭോക്താക്കളും വ്യാപാരിയില്‍ നിന്നും നിയമപ്രകാരമുള്ള ബില്‍ വാങ്ങി സൂക്ഷിക്കണം. ശര്‍ക്കര ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും നിറവ്യത്യാസം അനുഭവപ്പെട്ടാല്‍ ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസില്‍ അറിയിക്കണം. ഫോണ്‍: 8943346183, 9447272732, 04734 221236.
(പിഎന്‍പി 180/19)
- Log in to post comments