ജില്ലാതല അറിയിപ്പുകൾ
കെ.എസ്.ആർ.ടി.സി. ഡ്രൈവർ
കണ്ണൂർ ജില്ലയിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവർ തസ്തികയിലേക്ക് പരിഗണിക്കുന്നതിന് സാധ്യത പട്ടിക തയ്യാറാക്കുന്നു. ഒൻപതാം ക്ലാസ് വിജയവും ഹെവി ഡ്രൈവിംഗ് ലൈസൻസും ഉള്ള ഉദ്യോഗാർത്ഥികൾ അതത് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ ഒക്ടോബർ 15 ന് മുമ്പായി ഹാജരാകണം. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഇഡബ്ല്യുഎസ് മുൻഗണനക്കാർ സർട്ടിഫിക്കറ്റ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാക്കണം.
പി.എസ്.സി ഇൻ്റർവ്യൂ
കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) (കാറ്റഗറി നം.: 627/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖപരീക്ഷയുടെ ആദ്യഘട്ടം ഒക്ടോബർ 15, 16 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തും. അഭിമുഖ പരീക്ഷയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, മൊബൈൽ സന്ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവരവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റെല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ ഹാജരാകണം.
ഡയറക്ടർ നിയമനം
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിലെ എംബിഎ ഡിപ്പാർട്മെന്റിൽ ഡയറക്ടർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രായപരിധി പരമാവധി 63 വയസ്സ്. യോഗ്യത എംബിഎ ഫസ്റ്റ് ക്ലാസ്സ്, മാനേജ്മെൻ്റിൽ പി.എച്ച്.ഡി. അധ്യാപനത്തിലോ ഇൻഡസ്ട്രിയിലോ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം, (കുറഞ്ഞത് 3 വർഷമെങ്കിലും അസോസിയേറ്റ് പ്രൊഫസർ തസ്തികയിലുള്ള പരിചയം നിർബന്ധം). താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും (Original Certificates) സഹിതം ഒക്ടോബർ-15 രാവിലെ 10 ന് മുമ്പായി കോളേജിൽ നേരിട്ട് ഹാജരാകണം. വെബ്സൈറ്റ്: http://mba.cethalassery.ac.in, ഫോൺ: 9446307190.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ്
സംസ്ഥാന വ്യാപകമായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍/ ഒഴിവാക്കല്‍/തെറ്റുതിരുത്തല്‍ എന്നിവക്കായി പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് നടത്തും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. സജിത്ത് ബാബു ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.
ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ 31 വരെ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഫോം വിതരണവും ഡിജിറ്റല്‍ ഹെല്‍പ്പ് ഡെസ്കുകളും പ്രവര്‍ത്തിക്കും. നിലവിലുണ്ടായിരുന്ന അധിക ഡിക്ലറേഷന്‍ ഫോം ഒഴിവാക്കിയ സാഹചര്യത്തില്‍, അര്‍ഹരായവര്‍ ഫോം 6 പൂരിപ്പിച്ച് സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍ വഴിയോ വോട്ടര്‍ ഹെല്പ്ലൈന് ആപ്പ് മുഖേനയോ സമര്‍പ്പിച്ചാല്‍ മതിയാകും. അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന 12 രേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കണം. ആധാര്‍ രേഖയായി നല്കുന്നവര് മറ്റൊരു സപ്പോര്‍ട്ടിങ് ഡോക്യുമെന്റ് കൂടി സമര്‍പ്പിക്കണം.
അപേക്ഷകളുടെ തുടര്‍പരിശോധന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തി നടത്തും. പുതുതായി വോട്ടവകാശം ലഭിക്കുന്ന വിദ്യാര്‍ഥികളില്‍ തിരഞ്ഞെടുപ്പ് അവബോധം വര്‍ധിപ്പിക്കുന്നതിനായി കോളേജുകളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും 'ക്യാമ്പസ് ടു ബൂത്ത്' എന്റോള്‍മെന്റ്റ് ഡ്രൈവ് സംഘടിപ്പിക്കും. 'Step Forward, Get Counted' എന്ന സന്ദേശവുമായി നവംബര്‍ 2 മുതല്‍ ഒരാഴ്ച നീളുന്ന പരിപാടിയാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകളുടെ സഹകരണത്തോടെ പരമാവധി വിദ്യാര്‍ഥികളെ എന്റോള്‍മെന്റ്, തിരഞ്ഞെടുപ്പ് അവബോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. എല്ലാവരും ഈ അവസരം ഉപയോഗപെടുത്തണമെന്ന് ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് അഭ്യര്‍ത്ഥിച്ചു.
ഗതാഗത നിയന്ത്രണം
തലശ്ശേരിയില്‍ എന്‍ എച്ച് 66 (പഴയ എന്‍ എച്ച് 17 ) കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ജങ്ഷനിലും, സിറ്റി സെന്റര്‍ ജങ്ഷനിലും നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ഒക്ടോബര്‍ ഒമ്പത് വെള്ളിയാഴ്ച മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് നിയന്ത്രിക്കും.
വൈദ്യുതി മുടങ്ങും
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വീനസ് ക്ലബ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ ഒമ്പത് വരെയും അണ്ണാക്കൊട്ടാന്ചാല് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 11 വരെയും കാഞ്ഞിരോട് തെരു ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും ഏച്ചൂര്‍ ഓഫീസ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉജാലമുക്ക്, ആനപ്പാലം, ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും കോവിലകം, ആഡൂര് കനാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.
ക്വട്ടേഷന്‍ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കണ്ണൂര്‍ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി ഈ സാമ്പത്തിക വര്‍ഷം 5/7 പേര്‍ക്ക് സഞ്ചരിക്കാവുന്ന ടാക്സി പെര്‍മിറ്റുള്ള വാഹനം ദിവസവാടകയ്ക്ക് ലഭ്യമാക്കുന്നതിന് താല്പര്യമുള്ള ഏജന്‍സി/സ്ഥാപനം/വ്യക്തികള്‍ എന്നിവരില്‍നിന്ന് മുദ്രവച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ 2026 ഒക്ടോബര്‍ 17ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ഓഫീസില്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. വിശദവിവരം കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കണ്ണൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04972760725.
- Log in to post comments