100-ദിന കർമ്മപരിപാടിയിൽ 10,000-ത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്തു; നിയമതടസ്സങ്ങളില്ലാത്ത അപേക്ഷകളിൽ അതിവേഗം പട്ടയം നൽകും - മന്ത്രി എ. പി. അനിൽകുമാർ
മുപ്ലിയം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പതിനായിരത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്യാൻ റവന്യൂ വകുപ്പിന് സാധിച്ചതായി റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 'സ്കീം ഫോർ സ്പെഷ്യൽ അസിസ്റ്റൻസ് ടു സ്റ്റേറ്റ്സ് ഫോർ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് 2024-25' പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മുപ്ലിയം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
5,000 പട്ടയങ്ങൾ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നിയമതടസ്സങ്ങളില്ലാത്ത എല്ലാ അപേക്ഷകളിലും അതിവേഗം നടപടി സ്വീകരിച്ച് പട്ടയങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു.
ഭൂമി തരംമാറ്റ അപേക്ഷകളിൽ രണ്ടര ലക്ഷത്തോളം പരാതികൾ തീർപ്പാക്കാൻ ഉണ്ടായതിൽ 100 ദിവസം കൊണ്ട് 50,000-ത്തിലധികം അപേക്ഷകൾക്ക് പരിഹാരം കണ്ടതായും മന്ത്രി ചൂണ്ടിക്കാട്ടി. ബാക്കിയുള്ള അപേക്ഷകൾ ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായി തീർപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനങ്ങൾ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന പ്രയാസങ്ങൾ ഒഴിവാക്കി അർഹമായ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
ഡിജിറ്റൽ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി പൊതുജനങ്ങൾ ഓഫീസുകളിൽ നേരിട്ടെത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ കെട്ടിടങ്ങൾ ഭൗതിക സൗകര്യങ്ങൾക്ക് മാത്രമല്ലെന്നും ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളും ജീവനക്കാരുടെ സമീപനവുമാണ് സ്മാർട്ടാകേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൊതുജനങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകുന്ന പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിൽ ജനസൗഹൃദപരമായ സമീപനം ഉണ്ടാകണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്മാർട്ട് വില്ലേജ് ഓഫീസുകൾ വഴി ലഭ്യമാകുന്ന സേവനങ്ങളും കൂടുതൽ മികച്ചതാക്കും.
പ്രകൃതിദുരന്തങ്ങളിലോ വെള്ളപ്പൊക്ക സാഹചര്യങ്ങളിലോ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതടക്കം വിപുലമായ ചുമതലകളാണ് റവന്യൂ വകുപ്പ് നിർവ്വഹിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. ഇതിനായി പുതിയ തസ്തികകൾ സൃഷ്ടിച്ച് ജീവനക്കാരെ നിയമിക്കുന്നതിനും വാഹനങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുതുക്കാട് എം.എൽ.എ കെ. കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എ. മീന മദനൻ, ജില്ലാ പഞ്ചായത്ത് അംഗം കെ. ജെ. ഡിക്സൺ, വാർഡ് അംഗം ലില്ലി ബേബി, ഇരിഞ്ഞാലക്കുട പി.ഡബ്ലിയു.ഡി ബിൽഡിങ്സ് എ.ഇ.ഇ നിമേഷ് പുഷ്പൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ സി. എം. അബ്ദുൾ മജീദ് നന്ദി രേഖപ്പെടുത്തി.
- Log in to post comments