Skip to main content

ജില്ലയിലെ എല്ലാ സ്‌കൂളുകളും സ്കൂൾ സുരക്ഷാ പദ്ധതി തയ്യാറാക്കി അപ്‌ലോഡ് ചെയ്യണം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം

ജില്ലയിലെ എല്ലാ സ്‌കൂളുകളും അതാത് സ്‌കൂളുകളുടെ സുരക്ഷാ പദ്ധതി തയ്യാറാക്കി 'ഉസ്‌കൂൾ' ആപ്പിൽ നിർബന്ധമായും അപ്‌ലോഡ് ചെയ്യണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി.

കനത്ത മഴയിലും കാറ്റിലും
 പെരുമ്പാവൂർ ഓടക്കാലി ഗവ. എച്ച് എസ് എസ് സ്കൂൾ ഓഡിറ്റോറിയം ഒക്ടോബർ ഏഴിന്  തകർന്നു വീണ സംഭവത്തെ തുടർന്ന്  മനോജ് മൂത്തേടൻ എം എൽ എ,  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാധാകൃഷ്ണൻ  എന്നിവരുടെ നേതൃത്വത്തിൽ 
ജില്ലാ കളക്ടർ ജി പ്രിയങ്ക യുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത  ഓൺലൈൻ യോഗത്തിലായിരുന്നു നിർദ്ദേശം. 

ഓടക്കാലിയിൽ തകർന്നു വീണ ഓഡിറ്റോറിയത്തിൻ്റെ ഭാഗങ്ങൾ നീക്കം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്തിൻ്റെയും ഡി ഡി എം എ യുടേയും ഫണ്ട് ഉപയോഗപ്പെടുത്താമെന്ന് യോഗം തീരുമാനിച്ചു.

സ്കൂളുകളിൽ അപകടകരമായ ഏതെങ്കിലും തരത്തിലുള്ള സാഹചര്യങ്ങളോ പ്രശ്നങ്ങളോ നിലനിൽക്കുന്നുണ്ടെങ്കിൽ അത് അടിയന്തിരമായി റിപ്പോർട്ട്  ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് യോഗത്തിൽ നിർദേശം നൽകി.

മുൻപ് തയ്യാറാക്കിയ  പദ്ധതികളിൽ പല  സ്കൂളുകളും യഥാർത്ഥ അപകടസാധ്യതകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. എല്ലാ അപകട സാധ്യതകളും ഉൾപ്പെടുത്തി വേണം പദ്ധതി തയ്യാറാക്കേണ്ടതെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. 

സ്കൂൾ വളപ്പിലോ പരിസരത്തോ അപകടകരമായ രീതിയിലുള്ള മരങ്ങളോ ചില്ലകളോ ഉണ്ടെങ്കിൽ അവ എത്രയും വേഗം മുറിച്ചു മാറ്റണം.
പരിസരങ്ങളിൽ കാട് വളർന്നിട്ടുണ്ടെങ്കിൽ പാമ്പ് ശല്യം ഉണ്ടാകാൻ
സാധ്യതയുള്ളതിനാൽ അവ എത്രയും വേഗം വൃത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് 
ഹെഡ്മാസ്‌റ്റർമാർക്കും, പ്രിൻസിപ്പൽമാർക്കും നിർദ്ദേശം നൽകാൻ ഡി.ഡി.ഇ.യെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.
ഒരു കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി സ്കൂളിൽ എത്തുന്നതുവരെയും, തിരിച്ചും  മുഴുവൻ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന രീതിയിലുള്ള അവലോകനം നടത്തിവേണം ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കേണ്ടതെന്നും ജില്ലാകളക്ടർ അറിയിച്ചു.

യോഗത്തിൽ എ ഡി എം കെ മനോജ്, മൂവാറ്റുപുഴ ആർ ഡി ഒ വി ഇ അബ്ബാസ്, ഡെപ്യൂട്ടി കളക്ടർ ജോസഫ് സ്റ്റീഫൻ റോബി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, എ ഇ ഒ മാർ, ഡി ഇ ഒ മാർ  തുടങ്ങിയവർ പങ്കെടുത്തു.

date