ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്, ബുദ്ധ, സിഖ്, പാഴ്സി, ജൈന ന്യൂനപക്ഷ മതവിഭാഗങ്ങളില്പ്പെടുന്ന വിധവകള്, വിവാഹബന്ധം വേര്പെടുത്തിയ സ്ത്രീകള്, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള് എന്നിവര്ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. വീട് അറ്റകുറ്റപ്പണിക്ക് 50,000 രൂപ ധനസഹായമായി ലഭിക്കും. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല.
അപേക്ഷകയുടെയോ പങ്കാളിയുടെയോ പേരിലുള്ളതായിരിക്കണം വീട്. പരമാവധി വിസ്തീര്ണം 1200 ചതുരശ്ര അടിയില് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി പി എല് കുടുംബങ്ങള്ക്ക് മുന്ഗണന. അപേക്ഷകയോ മക്കളോ ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവര്, പെണ്കുട്ടികള് മാത്രമുള്ളവര്/മക്കളില്ലാത്തവര് എന്നിവര്ക്കും മുന്ഗണന ലഭിക്കും. സര്ക്കാര്/അര്ധ സര്ക്കാര് സ്ഥാപനങ്ങളില് സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്, സര്ക്കാരില് നിന്നോ സമാന ഏജന്സികളില് നിന്നോ കഴിഞ്ഞ 10 വര്ഷത്തിനുള്ളില് ഭവന നിര്മാണത്തിന് സഹായം ലഭിച്ചവര് എന്നിവര് അപേക്ഷിക്കേണ്ടതില്ല.
അപേക്ഷകയുടെയോ പങ്കാളിയുടെയോ പേരിലുള്ള 2026-27 സാമ്പത്തിക വര്ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്പ്പ്, റേഷന് കാര്ഡിന്റെ പകര്പ്പ്, വീട് റിപ്പയര് ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്ണം തെളിയിക്കുന്നതിനും കഴിഞ്ഞ 10 വര്ഷത്തിനുള്ളില് മറ്റ് ആനുകൂല്യങ്ങള് ലഭിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില് നിന്നുള്ള സര്ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്പ്പിക്കണം.
അപേക്ഷാ ഫോം www.medscholarship.kerala.gov.inല് നിന്നും ലഭിക്കും. അപേക്ഷകള് അനുബന്ധ രേഖകള് സഹിതം അതത് ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില് ഒക്ടോബര് 22 നകം ലഭിക്കണം വിലാസം: ഡെപ്യൂട്ടി കളക്ടര് (ജനറല്), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്, ജില്ലാ കലക്ടറേറ്റ്. ഫോണ്: 0474 2793473.
- Log in to post comments