Skip to main content

അതിഥികള്‍ക്കായി  അരങ്ങൊരുക്കാന്‍ ടൂറിസംവകുപ്പിന്റെ ഗ്രീന്‍കാര്‍പ്പറ്റ് പദ്ധതി ആരംഭിക്കുന്നു

    പരിസരശുചിത്വം, മെച്ചപ്പെട്ട സേവനങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കി വിനോദസഞ്ചാരികള്‍ക്കും തദ്ദേശീയര്‍ക്കും  പ്രിയപ്പെട്ട പ്രദേശങ്ങളായി ടൂറിസം കേന്ദ്രങ്ങളെ ഉയര്‍ത്തുന്നതിന് ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച നടപ്പാക്കുന്ന ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി ജില്ലയില്‍  ബേക്കല്‍, റാണിപുരം  കേന്ദ്രങ്ങളെ തെരഞ്ഞെടുത്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഗ്രീന്‍കാര്‍പ്പറ്റ് അവലോകനയോഗത്തില്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കണമെന്ന് യോഗത്തില്‍ സംസാരിച്ച എം എല്‍എ മാരായ എന്‍ എ നെല്ലിക്കുന്നും എം രാജഗോപാലനും പറഞ്ഞു. പദ്ധതിയില്‍ വലിയപറമ്പ്-അഴീത്തല കസബ കടപ്പുറം എന്നിവയും ഉള്‍പ്പെടുത്തണമെന്ന് എംഎല്‍എമാര്‍ നിര്‍ദ്ദേശിച്ചു.
    ഡിടിപിസി, ബിആര്‍ഡിസി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ശുചിത്വമിഷന്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ കൂട്ടായ്മയിലാണ് പദ്ധതി  നടപ്പിലാക്കുന്നത്. ബേക്കല്‍ കേന്ദ്രത്തിന്റെ ഡെസ്റ്റിനേഷന്‍ മാനേജരായി എം അജിത് കുമാറിനെയും റാണിപുരം  കേന്ദ്രത്തിന്റെ  മാനേജരായി ഒ എസ് സാബുവിനേയും തീരുമാനിച്ചിട്ടുണ്ട്. തദ്ദേശീയര്‍ക്ക് സജീവ പങ്കാളിത്തം ലഭിക്കുന്ന രീതിയിലാണ് പദ്ധതിക്ക് രൂപം നല്‍കുന്നത്. ഹരിത തത്വം പ്രോത്സാഹിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുന്നത്. ടൂറിസം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാക്കും. മാലിന്യ നിര്‍മ്മാര്‍ജ്ജനം, പൊതുസൗകര്യങ്ങള്‍ വികസിപ്പിക്കല്‍, ശുദ്ധമായ കുടിവെളളവും  ആഹാരവും ഉറപ്പുവരുത്തല്‍, സുരക്ഷിതത്വം, സത്യസന്ധമായ വിവരലഭ്യത, പരിശീലനം എന്നിവയും ഉറപ്പാക്കും. യോഗത്തില്‍ ബിആര്‍ഡിസി  മാനേജിംഗ് ഡയറക്ടര്‍ ടി കെ മന്‍സൂര്‍, ഡിടിപിസി സെക്രട്ടറി ആര്‍ ബിജു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണന്‍, ബിആര്‍ഡിസി മാനേജര്‍ എം അജിത് കുമാര്‍, അസി. ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഒ എസ് സാബു തുടങ്ങിയവരും  പങ്കെടുത്തു.

 

date