*പൂതാടി പഞ്ചായത്തില് 'പോഷണ് മാ ക്യാമ്പയിന് സംഘടിപ്പിച്ചു*
സ്ത്രീകള്ക്കും കുട്ടികള്ക്കും പോഷകാഹാര അവബോധം നല്കാന് വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പോഷണ് മാ ക്യാമ്പയിന് പൂതാടി ഗ്രാമപഞ്ചായത്തിലെ പാടിയമ്പത്ത് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കുട്ടികള്, ഗര്ഭിണികള്, മുലയൂട്ടുന്ന അമ്മമാര്, കൗമാരക്കാരായ പെണ്കുട്ടികള് എന്നിവരിലെ വിളര്ച്ചയും പോഷകാഹാരക്കുറവും പരിഹരിക്കുക, സമീകൃതാഹാര ശീലം വളര്ത്തുക എന്നീ ലക്ഷ്യങ്ങളോടെ 'നമ്മുടെ അങ്കണവാടി, നമ്മുടെ ഉത്തരവാദിത്വം' എന്ന പ്രമേയത്തിലാണ് മാസാചരണം സംഘടിപ്പിച്ചത്. അങ്കണവാടികള്, സ്കൂളുകള്, ഉന്നതികള് എന്നിവ കേന്ദ്രീകരിച്ച് ഒരു മാസക്കാലം വിവിധ പരിപാടികള് നടത്തി. സമാപന സമ്മേളനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര് ഉദ്ഘാടനം ചെയ്തു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് ഗിരിജ കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
പ്രോഗ്രാം ഓഫീസര് പി.ജി. ഗീത റിപ്പോര്ട്ട് അവതരിപ്പിച്ചു. നാച്ചുറോപതിക് മെഡിക്കല് ഓഫീസര് ഡോ. ലക്ഷ്മി നായര് 'ബാല്യകാല വികസനത്തിനായി പോഷണവും ബാല്യകാല ഉത്തേജനവും' എന്ന വിഷയത്തില് ക്ലാസെടുത്തു. യോഗ ട്രെയിനര് അജിത് കുമാറിന്റെ നേതൃത്വത്തില് യോഗ ഡെമോ ക്ലാസും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് സന്ധ്യ ലിഷു, പൂതാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് ഒ.കെ. ലാലു, പനമരം അഡീഷണല് പ്രോജക്ട് ഓഫീസര് പി. ലീഷ്മ, പനമരം പ്രോജക്ട് ഓഫീസര് അനിത, വാര്ഡ് അംഗങ്ങളായ എ.വി. ജയന്, നിഷിത, ബിന്ദു ഷിബു, ഷിബു എന്നിവര് പങ്കെടുത്തു. അങ്കണവാടി കുട്ടികള്, പ്രവര്ത്തകര്, ഉന്നതി നിവാസികള് എന്നിവര് വിവിധ കലാപരിപാടികള് അവതരിപ്പിച്ചു.
- Log in to post comments