Skip to main content

തൊടുപുഴ നഗരസഭ: ഡയപ്പര്‍, സാനിറ്ററി മാലിന്യങ്ങളുടെ ശേഖരണം നവംബര്‍ മുതല്‍ രണ്ട് തവണ

തൊടുപുഴ നഗരസഭയുടെ ആഭിമുഖ്യത്തില്‍
 ഡയപ്പര്‍, സാനിറ്ററി മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുന്നതിനും ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കുന്നതിനുമായി ആക്രി ആപ്പ് മുഖേനയുള്ള മാലിന്യ ശേഖരണ സംവിധാനം നവംബര്‍ മുതല്‍ മാസത്തില്‍ രണ്ടുതവണയായി വിപുലീകരിക്കുന്നു.

നഗരസഭയിലെ വിവിധ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച്  മാലിന്യങ്ങള്‍ ശേഖരിക്കും. നിലവില്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ശേഖരണം നടത്തുന്നത്.
ഡയപ്പര്‍, സാനിറ്ററി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ കെ.ഇ.ഐ.എല്‍ (KEIL) മുഖേന ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനമാണ് നഗരസഭ ഒരുക്കിയിട്ടുള്ളത്.

വീടുകള്‍, ഫ്ളാറ്റുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്നും നഗരസഭ നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ നിന്നും നിശ്ചിത യൂസര്‍ ഫീ ഈടാക്കിയാണ് മാലിന്യ ശേഖരണം.  വ്യത്യസ്ത സമയക്രമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സേവനം ലഭ്യമാകുക.

ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ പ്രകാരം ജൈവം, അജൈവം, സാനിറ്ററി, പ്രത്യേക ശ്രദ്ധ ആവശ്യമായ മാലിന്യങ്ങള്‍ എന്നിങ്ങനെ നാലായി തരംതിരിച്ച് ഉറവിടത്തില്‍ത്തന്നെ വേര്‍തിരിക്കുന്ന രീതിയാണ് നഗരസഭ നടപ്പാക്കുന്നത്.
 
കുഞ്ഞുങ്ങളുള്ള വീടുകള്‍, കിടപ്പുരോഗികളുള്ള കുടുംബങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ഫ്ളാറ്റ് അസോസിയേഷനുകള്‍ എന്നിവ പുതിയ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ ആവശ്യപ്പെട്ടു. .

കേരളാ മുനിസിപ്പാലിറ്റി ആക്ടിലെ 326 സി വകുപ്പ് പ്രകാരം ഉല്‍പ്പാദിപ്പിക്കുന്ന സാനിറ്ററി മാലിന്യങ്ങള്‍ നഗരസഭ ചുമതലപ്പെടുത്തിയ ഏജന്‍സിക്ക് യൂസര്‍ ഫീ നല്‍കി കൈമാറേണ്ടത് നിയമപരമായ ബാധ്യതയാണെന്ന് നഗരസഭ സെക്രട്ടറി അന്‍സല്‍ ഐസക് അറിയിച്ചു

date