ട്രാവൻകൂർ ഫോക് വില്ലേജ് പ്രവർത്തനസജ്ജമാക്കും
വെള്ളാവൂരിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ഫോക് വില്ലേജ് പ്രവർത്തനസജ്ജമാക്കി പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുമെന്ന് കേരള ഫോക്ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ പറഞ്ഞു. തിരുവിതാംകൂറിന്റെ തനത് കലാരൂപങ്ങൾക്കും പാരമ്പര്യത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ഫോക് വില്ലേജിൽ മ്യൂസിയം സജ്ജീകരിക്കും. പദ്ധതിയുടെ വികസനത്തിനായി കാഞ്ഞിരപ്പള്ളി എംഎൽഎയുടെ സാമ്പത്തിക സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നാടൻ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം തിരുവിതാംകൂറിന്റെ തനത് കലകൾ മറ്റു സംസ്ഥാനങ്ങളിൽ അവതരിപ്പിക്കുന്നതിനും ഫോക് വില്ലേജ് വേദിയൊരുക്കും. ആദിവാസി-ഗോത്ര വിഭാഗങ്ങളുടെ കരകൗശല ഉൽപ്പന്നങ്ങൾ, പരമ്പരാഗത ഭക്ഷണങ്ങൾ എന്നിവയുടെ നിർമാണത്തിനും വിപണനത്തിനും ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കും.
കേരള ഫോക്ലോർ അക്കാദമിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കലാഭവൻ മണി സ്മാരക മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. അക്കാദമി അങ്കണത്തിൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
ഫോക്ലോർ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നതിനായി റസിഡൻഷ്യൽ അസോസിയേഷനുകളെ അക്കാദമിയുമായി അഫിലിയേറ്റ് ചെയ്യും. ‘പൊലി’ ത്രൈമാസികയുടെയും ഫോക്ലോർ ഗ്രന്ഥങ്ങളുടെയും പ്രസിദ്ധീകരണം പുനഃസ്ഥാപിക്കുന്നതിനൊപ്പം ലൈബ്രറി വിപുലീകരിക്കും. അക്കാദമി ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ പ്രതിവാര നാടൻ കലാപരിപാടികളും സംഘടിപ്പിക്കും.
ആദിവാസി-ഗോത്ര കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലും ഒരാഴ്ച നീളുന്ന ‘ആദിമം’ ശിൽപ്പശാല സംഘടിപ്പിക്കും. സ്കൂൾ ഫോക്ലോർ ക്ലബ്ബുകൾ വഴി ഗോത്രകലകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനും വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാരെ പങ്കെടുപ്പിച്ച് കരകൗശല-ടെക്സ്റ്റൈൽ പ്രിന്റിങ് ശിൽപ്പശാലകൾ സംഘടിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.
കേരളത്തിൽ ഫോക്ലോർ സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മേഖലയിലെ വിദഗ്ധരുമായി ചർച്ച നടത്തുമെന്നും ചെയർമാൻ അറിയിച്ചു.
പത്രസമ്മേളനത്തിൽ അക്കാദമി വൈസ് ചെയർമാൻ ശ്രീരാമൻ കൊയ്യോൻ, സെക്രട്ടറി എം പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.
- Log in to post comments