വിഭവങ്ങളുടെ ജനസംഖ്യാനുപാതിക വിതരണം ഉറപ്പാക്കണം; മലപ്പുറത്തിന്റെ വികസന വിടവ് നികത്താൻ പ്രത്യേക പാക്കേജ് വേണമെന്ന് എം.എൽ.എമാർ
വരാനിരിക്കുന്ന പതിനഞ്ചാം പഞ്ചവത്സര പദ്ധതിക്കാലയളവിൽ സംസ്ഥാനത്തെ വിഭവങ്ങളുടെ സന്തുലിതവും ജനസംഖ്യാനുപാതികവുമായ വിതരണം ഉറപ്പാക്കണമെന്നും മലപ്പുറം ജില്ല നേരിടുന്ന മുൻകാല വികസന വിടവുകൾ (ബാക്ക്ലോഗ്) നികത്താൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ജില്ലയിലെ എം.എൽ.എമാർ ആവശ്യപ്പെട്ടു. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച പദ്ധതി ആലോചനാ യോഗത്തിൽ ജില്ലയിലെ എം.എല്.എമാര് സംയുക്തമായി തയ്യാറാക്കി രേഖാമൂലം സമർപ്പിച്ച നിർദേശങ്ങളിലാണ് ഈ ആവശ്യം ഉന്നയിച്ചത്. 2011-ലെ സെൻസസ് പ്രകാരം സംസ്ഥാന ജനസംഖ്യയായ 3.34 കോടിയിൽ 1.46 കോടിയും മലബാർ മേഖലയിലായിരുന്നു. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ 2024-ലെ വാർഷിക വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം സംസ്ഥാന ജനസംഖ്യ 3.57 കോടിയായി ഉയർന്നിട്ടുണ്ട്. ജനസംഖ്യയുടെ പകുതിയോളം വരുന്ന മലബാർ മേഖലയിലേക്ക് വിഭവങ്ങളുടെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് എത്തുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകൾക്കും ജനസംഖ്യാനുപാതികമായി വിഭവങ്ങൾ നീതിപൂർവം വിതരണം ചെയ്യണമെന്നും, മലപ്പുറം ഇതുവരെ നേരിട്ട വികസന വിടവ് നികത്താൻ പ്രത്യേക പാക്കേജ് ആവിഷ്കരിക്കണമെന്നും എം.എൽ.എമാർ ആവശ്യപ്പെട്ടു.
അഡ്വ. എം. റഹ്മത്തുള്ള എം.എല്.എ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള ജില്ല എന്ന നിലയിൽ പ്രവാസികൾക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് അഡ്വക്കേറ്റ് എം റഹ്മത്തുള്ള എംഎൽഎ പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുമ്പുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലയിലുണ്ട് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കേണ്ടതുണ്ട്. ജില്ലയുടെ ടൂറിസം സാധ്യതകൾപരമാവധി പ്രയോജനപ്പെടുത്തണം. വ്യാവസായിക മേഖലയിലും ജില്ല ഏറെ പിന്നിലാണ് ഇതും പരിഹരിക്കണം. മഞ്ചേരി മെഡിക്കൽ കോളേജിന്റെ വികസനം, ഐടി മേഖലയിലും വികസനങ്കേതിക രംഗത്തും ആവശ്യമായ മുൻഗണന നൽകണം. ജില്ലയുടെ സാംസ്കാരിക പൈതൃകം, കല സാഹിത്യം എന്നിവ സംരക്ഷിക്കണം. കൃഷി, പരമ്പരാഗത വ്യവസായങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള വികസനം സാധ്യമാക്കണമെന്നും റഹ്മത്തുള്ള എം.എല്.എ അഭിപ്രായപ്പെട്ടു.
ടി.വി ഇബ്രാഹിം എം.എല്.എ
സംസ്ഥാന ശരാശരിയുടെ പകുതിപോലും വിഭവങ്ങൾ പല മേഖലകളിലും മലപ്പുറം ജില്ലയിലേക്ക് എത്തുന്നില്ലെന്ന് വിവിധ സർവെ റിപ്പോർട്ടുകളും ഇക്കണോമിക് റിവ്യൂ കണക്കുകളും വ്യക്തമാക്കുന്നുവെന്ന് പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ആശയരൂപീകരണ യോഗത്തിൽ ടി.വി ഇബ്രാഹിം എം.എല്.എ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം നിലനിൽക്കുന്ന അസമത്വം പരിഹരിക്കാൻ ആസൂത്രണ ബോർഡ് അടിയന്തരമായി ഇടപെടണമെന്നും എം.എല്.എ ആവശ്യപ്പെട്ടു. ഹയർ സെക്കൻഡറി സ്പെഷ്യൽ റൂളും ഹൈക്കോടതി നിർദേശവും പ്രകാരം ഒരു പ്ലസ് വൺ ബാച്ചിൽ 50 കുട്ടികളെയാണ് ഇരുത്തേണ്ടതെങ്കിലും, മലപ്പുറം ജില്ലയിൽ 30 ശതമാനം മാർജിനൽ ഇൻക്രീസും പ്രത്യേക ഉത്തരവുകളും ഉൾപ്പെടെ ഒരു ക്ലാസിൽ 65 മുതൽ 72 വരെ വിദ്യാർത്ഥികൾ പഠിക്കേണ്ട സാഹചര്യമാണുള്ളത്. തെക്കൻ ജില്ലകളിൽ ഒരു ഹയർ സെക്കൻഡറി ബാച്ചിലെ ശരാശരി വിദ്യാർത്ഥികളുടെ എണ്ണം 36 മാത്രമായിരിക്കെയാണ് മലപ്പുറത്തെ ക്ലാസ് മുറികളിലെ ഈ തിരക്ക്. ഇത് പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലാകട്ടെ, ജില്ലയിൽനിന്ന് പ്ലസ് ടു വിജയിക്കുന്ന വിദ്യാർത്ഥികളിൽ 11.7 ശതമാനം പേർക്ക് മാത്രമാണ് ജില്ലയിലെ സർക്കാർ-എയ്ഡഡ് കോളേജുകളിലും പോളിടെക്നിക്കുകളിലുമായി പഠനസൗകര്യമുള്ളത്. മറ്റുപല ജില്ലകളിലും ഇത് 42 ശതമാനത്തോളമാണ്. സംസ്ഥാന ആരോഗ്യ നയപ്രകാരം 30,000 പേർക്ക് ഒരു പ്രാഥമികാരോഗ്യ കേന്ദ്രം (പി.എച്ച്.സി) വേണമെന്നിരിക്കെ ജില്ലയിൽ വലിയ കുറവാണ് നിലനിൽക്കുന്നത്. സർക്കാർ ആശുപത്രികളിൽ സംസ്ഥാന ശരാശരി പ്രകാരം 928 പേർക്ക് ഒരു കിടക്കയും 5,570 പേർക്ക് ഒരു ഡോക്ടറും ഉള്ളപ്പോൾ, മലപ്പുറം ജില്ലയിൽ 1,861 പേർക്ക് ഒരു കിടക്കയും 7,437 പേർക്ക് ഒരു ഡോക്ടറും മാത്രമാണുള്ളത്. പൊതുഗതാഗത രംഗത്തും വൈദ്യുതി മേഖലയിലും സമാനമായ അന്തരമുണ്ട്. തിരുവനന്തപുരത്ത് തൊള്ളായിരത്തിലധികം കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുമ്പോൾ മലപ്പുറത്ത് നൂറിൽപ്പരം ബസുകൾ മാത്രമാണുള്ളത്. സ്ത്രീകൾക്ക് അനുവദിച്ച സൗജന്യ യാത്രാ ആനുകൂല്യം ഉൾപ്പെടെയുള്ള പദ്ധതികളുടെ പ്രയോജനം ജില്ലക്കാർക്ക് പൂർണതോതിൽ ലഭ്യമാകുന്നതിന് ഇത് തടസ്സമാകുന്നു. കിഫ്ബി (KIIFB) വഴി സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ച തുകയിൽ നാല് ശതമാനത്തോളം മാത്രമാണ് മലപ്പുറം ജില്ലയ്ക്ക് ലഭിച്ചതെന്ന് സുധാ പിള്ള കമ്മീഷൻ റിപ്പോർട്ടിലെ കണക്കുകൾ ചൂണ്ടിക്കാട്ടി എം.എല്.എ പറഞ്ഞു.
പ്രൊഫ. ആബിദ് ഹുസൈന് തങ്ങള് എം.എല്.എ
ആയുർവേദ മേഖലയുടെ വികസനവും മലബാറിലെ ടൂറിസം സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ആയുർവേദ രംഗത്തെ ഏറ്റവും പ്രശസ്തമായ കേന്ദ്രങ്ങളിലൊന്നായ കോട്ടക്കൽ ആര്യവൈദ്യശാലയെയും അതിന്റെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെയും ഒരു ആയുർവേദ സർവകലാശാലയാക്കി മാറ്റണമെന്ന ആവശ്യം ഇനിയും പൂർണ്ണതയിലെത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോട്ടക്കൽ ആര്യവൈദ്യശാല കാണാനും ചികിത്സയ്ക്കുമായി നിരവധി വിദേശികൾ എത്തുന്നതിനാൽ, ആയുർവേദത്തെയും ടൂറിസത്തെയും സംയോജിപ്പിച്ചുകൊണ്ട് ആരോഗ്യ ടൂറിസം പദ്ധതികൾ മലബാർ മേഖലയിൽ കൂടുതൽ നടപ്പിലാക്കേണ്ടതുണ്ട്. കൂടാതെ, മലപ്പുറം ജില്ലയിൽ ജനസംഖ്യാനുപാതികമായി സർക്കാർ എൻജിനീയറിങ് കോളേജുകളുടെ കുറവുണ്ടെന്നും, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലബാറിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്നും, അവരുടെ അറിവുകളും സമ്പത്തും കേരളത്തിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടി.പി അഷ്റഫലി എം.എല്.എ
മലപ്പുറം ജില്ലയുടെ ഉയർന്ന ജനസംഖ്യയും വിഭവസ്രോതസ്സുകളും കണക്കിലെടുത്ത് പദ്ധതി വിഹിതവും ഉദ്യോഗസ്ഥരുടെ എണ്ണവും വർദ്ധിപ്പിക്കണമെന്ന് ടി.പി അഷ്റഫലി എം.എല്.എ അഭിപ്രായപ്പെട്ടു. ജില്ലയിലെ ആരോഗ്യമേഖലയിലെ തിരക്ക് ഒഴിവാക്കാൻ പി.എച്ച്.സി മുതൽ മെഡിക്കൽ കോളേജ് വരെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കാലാനുസൃതമായി വികസിപ്പിക്കേണ്ടതുണ്ട്. കൂടാതെ, കരിപ്പൂർ എയർപോർട്ട് സിയാൽ-കിയാൽ മാതൃകയിൽ വികസിപ്പിക്കുകയും വിദേശ-പ്രവാസി നിക്ഷേപങ്ങൾ പ്രയോജനപ്പെടുത്തി ടൂറിസം, വ്യവസായ മേഖലകളിൽ വലിയ മുന്നേറ്റം ഉണ്ടാക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വി.എസ് ജോയി എം.എല്.എ
പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ലകളിൽ നടത്തുന്ന ആശയരൂപീകരണ യോഗങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ അവസരമാണെന്ന് വി.എസ്. ജോയി എം.എൽ.എ വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ പ്രയാസങ്ങളും ആശയങ്ങളും പതിനഞ്ചാം പദ്ധതിയിൽ ഉൾപ്പെടുത്താൻ ഈ യോഗങ്ങൾ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയെ സംബന്ധിച്ച് വലിയ പരിമിതികളും ഒപ്പം വികസന സാധ്യതകളുമുണ്ട്. ജില്ലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി ജനസംഖ്യാനുപാതികമായ വിഭവവിതരണവും പ്ലാൻ ഷെയറും ഉറപ്പാക്കേണ്ടതുണ്ട്. ആരോഗ്യമേഖലയിലെ അപര്യാപ്തതകൾ പരിഹരിക്കുക, പ്രവാസി ക്ഷേമത്തിനും കുടിയേറ്റ മേഖലയിലെ വികസനത്തിനും മുൻഗണന നൽകുക, ജില്ലയിലെ നദികളും ജലസ്രോതസ്സുകളും പരമാവധി പ്രയോജനപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആസൂത്രണ ബോർഡ് കൂടുതൽ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.കെ നവാസ് എം.എല്.എ
ആരോഗ്യ, തീരദേശ, വിദ്യാഭ്യാസ മേഖലകളിൽ ജില്ലയിൽ സമഗ്രമായ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് പി.കെ നവാസ് എം.എല്.എ അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയുടെ അടുത്ത അഞ്ച് വർഷത്തെ സമഗ്രമായ വികസനവും പുരോഗതിയും ലക്ഷ്യമിട്ടുള്ള ആശയരൂപീകരണ ചർച്ചകൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് എം.എൽ.എ വ്യക്തമാക്കി.
- Log in to post comments