Skip to main content
ചൊവ്വ - നടാല്‍ ബൈപ്പാസിനായി ഏറ്റെടുത്ത സ്ഥലത്തെ കൈയേറ്റം ഒഴിപ്പിച്ചു

ചൊവ്വ - നടാല്‍ ബൈപ്പാസിനായി ഏറ്റെടുത്ത സ്ഥലത്തെ കൈയേറ്റം ഒഴിപ്പിച്ചു

 

ദേശീയപാതയില്‍ താഴെ ചൊവ്വ - നടാല്‍ ബൈപാസിനായി ഏറ്റെടുത്ത ചാലക്കുന്നിലെ സ്ഥലത്തെ കയ്യേറ്റം അധികൃതര്‍ ഒഴിപ്പിച്ചു. പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈയേറ്റം ഒഴിപ്പിച്ചത്. പുതുതായി നിര്‍മിക്കുന്ന ദേശീയപാതയുടെ സര്‍വീസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന കയ്യേറ്റം ഒഴിപ്പിച്ച് എത്രയും വേഗം ദേശീയപാത വിഭാഗത്തിന് കൈമാറണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കൈയേറ്റ ഭൂമിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയത്. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍, കണ്ണൂര്‍ താലൂക്ക് ഓഫിസ് അധികൃതര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. 

പഴയ താഴെ ചൊവ്വ - നടാല്‍ ബൈപ്പാസിനായി 2000ല്‍ വിലകൊടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത 12.18 സെന്റ് സ്ഥലം സ്വകാര്യ വ്യക്തികള്‍ കൈയേറി അനധികൃതമായി കെട്ടിടം ഉള്‍പ്പെടെ നിര്‍മിക്കുകയായിരുന്നു. പുതിയ ദേശീയപാതയുടെ സര്‍വീസ് റോഡിനായി സ്ഥലം വിട്ടുനല്‍കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യത്തെ തുടര്‍ന്ന് കൈയേറ്റക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കക്ഷികളെ കേട്ടതിന് ശേഷം നടപടി സ്വീകരിക്കാന്‍ കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ മൂന്നു മണിക്കൂറോളം നീണ്ടു.

date