Skip to main content

മികച്ച കായിക സംസ്‌കാരം വളർത്തിയെടുക്കണം: മന്ത്രി എൻ ഷംസുദ്ദീൻ

           നല്ല ആരോഗ്യമുള്ള മനസ്സും ശരീരവും ഉണ്ടെങ്കിലേ നന്നായി പഠിക്കാനും നേട്ടങ്ങൾ കൈവരിക്കാനുമാകൂ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. കായിക ക്ഷമത ഉറപ്പാക്കാൻ മികച്ച കായിക സംസ്‌കാരം വളർത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. അറുപത്തിയെട്ടാമത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പ് പര്യടന യാത്ര തിരുവനന്തപുരം പട്ടം ഗവൺമെന്റ് ഗേൾസ്  ഹയർസെക്കൻഡറി  സ്‌കൂളിൽ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.

           കുട്ടികളുടെ പഠനത്തിലും ജീവിതത്തിലും കായികക്ഷമത ഒരുപോലെ അത്യാവശ്യമാണ്. സ്‌കൂളുകളിൽ കായിക പരിശീലനം ശക്തമാക്കുന്നതിന്റെ ഭാഗമായി മുൻപ് 500 കുട്ടികളുണ്ടെങ്കിൽ മാത്രം അനുവദിച്ചിരുന്ന കായിക അധ്യാപക തസ്തിക ഇനി മുതൽ 300 കുട്ടികളുള്ള സ്‌കൂളുകളിലും ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും കായിക അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിനായി പ്രത്യേക പഠന കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കായികമേളകളിൽ  ഉത്തേജക മരുന്നുകളുടെ ഉപയോഗം, പ്രായത്തിൽ തിരിമറി നടത്തൽ തുടങ്ങിയവ കണ്ടെത്തിയാൽ  കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

           സ്വർണക്കപ്പ് മന്ത്രി എൻ ഷംസുദ്ദീൻ, ഡയറക്ടർ അരുൺ കെ വിജയന് കൈമാറി. സ്വർണക്കപ്പ് പര്യടന യാത്രയുടെ ഫ്ലാഗ്ഓഫും മന്ത്രി നിർവഹിച്ചു. സ്‌കൂൾ പിടിഎ പ്രസിഡന്റ് ബോസ് വൈ എസ് അധ്യക്ഷനായ ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ഡയറക്ടർ ഷിബു ആർ എസ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ ശിവദാസൻ, ഡെപ്യൂട്ടി ഡയറക്ടർ  ബിജു ആർ, സ്‌കൂൾ പ്രിൻസിപ്പാൾ ലൈലാസ് തുടങ്ങിയവർ സന്നിഹിതരായി.

           ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോടാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുന്നത്. കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് നൽകുന്ന മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് വിവിധ ജില്ലകളിലെ സ്‌കൂളുകളിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങി 25 ന് കോഴിക്കോടെത്തും. 117.5 പവനിലുള്ളതാണ് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പ്.  ദീപശിഖ പ്രയാണം വെള്ളിയാഴ്ച കാസർഗോഡ് നിന്നും ആരംഭിക്കും.

പി.എൻ.എക്‌സ്. 4407/2026

date