Skip to main content

വട്ടപ്പാറ പൊലീസ് എയ്ഡ് പോസ്റ്റ് ഫെബ്രുവരി നാലിന് പ്രവര്‍ത്തനം തുടങ്ങും

അപകടങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുന്ന സാഹചര്യത്തില്‍ വട്ടപ്പാറ വളവില്‍ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ഫെബ്രുവരി നാലിന് തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി യോഗത്തിലാണ് തീരുമാനം. സന്നദ്ധ സംഘടനകളുടെയും പൊലീസ്, മോട്ടോര്‍ വാഹന വകുപ്പിന്റെയും നേതൃത്വത്തിലാവും എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുക. ഇതു വഴിയെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണവും മുന്നറിയിപ്പും എയ്ഡ് പോസ്റ്റ് കേന്ദ്രീകരിച്ച് നല്‍കാനും തീരുമാനിച്ചു.

ഗതാഗത നിയമം, റോഡ് സുരക്ഷാ മര്യാദകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് റോഡ് സുരക്ഷാ ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവ ചേര്‍ന്നാണ്  പദ്ധതി നടപ്പാക്കുക. വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നതിനാലാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി നാലു മുതല്‍ ഏഴ് വരെ നടക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണ്  പദ്ധതി നടപ്പാക്കുക.

കുറ്റിപ്പുറം - പൊന്നാനി റോഡില്‍ അപകടം കുറയ്ക്കുന്നതിനാവശ്യമായ ശാസ്ത്രീയ നടപടി സ്വീകരിക്കും. മോങ്ങത്ത് ഗതാഗതക്കുരുക്ക് വര്‍ധിക്കുന്നത് സംബന്ധിച്ച പരാതിയില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനായി ദേശീയപാത വിഭാഗത്തെ ചുമതലപ്പെടുത്തി. .      
ആര്‍.ടി.ഒ അനൂപ് വര്‍ക്കി, ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.ഹാരിസ്, റാഫ് സംസ്ഥാന പ്രിസിഡന്റ് കെ.എം അബ്ദു, സെക്രട്ടറി കെ.പി ബാബു ഷെരീഫ്, നാഷനല്‍ ഹൈവേ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.കെ സിനി, റോഡ് കൗണ്‍സില്‍ മെമ്പര്‍ പി.ശങ്കരനാരായണന്‍, റോഡ് സുരക്ഷാ അതോറിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date