Skip to main content

പദ്ധതി നടത്തിപ്പിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു കുടുംബശ്രീ അംഗങ്ങള്‍ക്ക് സമഗ്ര പരിശീലനം

 

പ്രാദേശിക ഭരണകൂടങ്ങളുടെ പദ്ധതി നടത്തിപ്പിന്റെ സമഗ്രതയെക്കുറിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് അറിവ് നല്‍കുന്നതിന്  ആവിഷ്‌കരിച്ച റസിഡന്‍ഷ്യല്‍ പരിശീലന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കുടുംബശ്രീ സി.ഡി.എസുകളിലെ വിവിധ പദ്ധതികള്‍ക്കായി നിയോഗിച്ച ഉപസമിതി കണ്‍വീനര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. നിലമ്പൂര്‍ കെ.എഫ്.ആര്‍.ഐ യില്‍ നടന്ന പരിശീന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പി.വി.അന്‍വര്‍ എം.എല്‍.എ നിര്‍വഹിച്ചു. കുടംബശ്രീ സംസ്ഥാന മിഷന്റെയും കിലയുടേയും സംയുക്താഭിമുഖ്യത്തില്‍ ആര്‍ട് എച്ച്.ആര്‍.ഡി ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

ഉപസമിതി കണ്‍വീനര്‍മാരുടെ വ്യക്തിത്വ വികാസവും ആശയ വിനിമയ ശേഷിയും വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള പരിശീലനമാണ് നല്‍കുന്നത്. ഇതോടൊപ്പം പഞ്ചായത്ത് രാജ്, നഗരപാലിക നിയമങ്ങളും പരിചയപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടികളുടെ സംയോജന സാധ്യതകളും പരിചയപ്പെടുത്തുന്നുണ്ട്. നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക സാമ്പത്തിക വികസനം തുടങ്ങി വിവിധ മേഖലകളിലും പരിശീലനം നല്‍കുന്നു. പരിശീലനത്തിന് ശേഷം ഇവരിലൂടെ പതിനഞ്ചിന കര്‍മ്മ പരിപാടി നടപ്പാക്കാനും അവലോകനം നടത്താനും പദ്ധതിയുണ്ട്.

പരിശീലനം നല്‍കിയ ഉപസമിതി കണ്‍വീനര്‍മാരെ ഭാവിയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണ പ്രകിയയില്‍ കൂടുതല്‍ സജീവമാക്കാനും പദ്ധതി ആവിഷ്‌കരിച്ചു. ജില്ലയിലെ 110 സി.ഡി.എസുകളിലെ 550 ഉപസമിതി കണ്‍വീനര്‍മാര്‍ക്കാണ് ഒമ്പത് ബാച്ചുകളിലായി ത്രിദിന പരിശീലനം നല്‍കുന്നത്. നിലമ്പൂര്‍ കെ.എഫ്.ആര്‍.ഐ കേന്ദ്രം, കെ.ടി.ഡി.സി കണ്‍വെന്‍ഷന്‍ ഹാള്‍, കോട്ടക്കല്‍ സാജിദ ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ച പരിശീലനത്തിന്റെ അവസാന സെഷന്‍ ജനുവരി 31 നാണ്.

കുടുംബശ്രീ പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ കെ.കെ.മുഹമ്മദ് സാനു അധ്യക്ഷത വഹിച്ചു. ആര്‍ട് ട്രെയ്നിംഗ് കോ ഓര്‍ഡിനേറ്റര്‍ സതി ബിജു, കില ഫാക്കല്‍റ്റി പി.വി. ജയചന്ദ്രന്‍, എലിസബത്ത് മാത്യ, രാജശ്രീ എന്നിവര്‍ സംസാരിച്ചു.

 

date