മലപ്പുറം ജില്ലാ പദ്ധതി'യുടെ പ്രകാശനം 22 ന്
ജില്ലയുടെ സമഗ്രവികസനം വിഭാവനം ചെയ്ത് ജില്ലാ ആസൂത്രണ സമിതി തയ്യാറാക്കിയ 'മലപ്പുറം ജില്ലാ പദ്ധതി'യുടെ പ്രകാശനം ജനുവരി 22 ന് നടക്കും. ഉച്ചയ്ക്ക് 12 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ വെച്ചാണ് പ്രകാശനം നടക്കുക.
സര്‍ക്കാര്‍ വകുപ്പുകള്‍, പ്രാദേശിക സര്‍ക്കാരുകള്‍, വിവിധ ഏജന്‍സികള്‍ തുടങ്ങി വികസനത്തിന്റെ മേഖലയില്‍ ഇടപെടുന്ന സംവിധാനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതിനായി ആസൂത്രണ സമിതിക്കു കീഴില്‍ 22 ഉപസമിതികള്‍ ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഉപസമിതികള്‍ അവതരിപ്പിച്ച പദ്ധതികളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയാണ് അന്തിമ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട കാഴ്ചപ്പാട് പ്രതിഫലിക്കുന്നതും കേന്ദ്രസംസ്ഥാന പദ്ധതികളും തദ്ദേശ സ്ഥാപനങ്ങളുടെ നടപ്പ് വാര്‍ഷിക പദ്ധതിയും മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ മിഷനുകളുടെ പ്രവര്‍ത്തനവും ജനകീയാസൂത്രണവും ജില്ലാ പദ്ധതിയിലൂടെ കൂടുതല്‍ സജീവമാക്കും.
ഓരോ മേഖലയിലെയും നിലവിലെ സ്ഥിതി വിശകലനം നടത്തി വികസന പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ ജനസംഖ്യ, ഭൂപ്രകൃതി, ജനസംഖ്യാ വളര്‍ച്ച, വികസന ചരിത്രം, ഭൂപടം, വിഭവ ലഭ്യത, ഉത്പാദന സേവന പശ്ചാത്തല മേഖലകള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാന വിവരശേഖരണവും നടത്തി. അഞ്ച് വര്‍ഷക്കാലയളവില്‍ ജില്ലയിലെ ഓരോ വികസന യൂനിറ്റിനും വിവിധ സ്രോതസുകളില്‍നിന്ന് ലഭിക്കാവുന്ന തുക ഏറെക്കുറെ കൃത്യമായി കണക്കാക്കിയിട്ടുണ്ട്. വികസന ഫണ്ട്, മെയിന്റനന്‍സ് ഫണ്ട്, കേന്ദ്ര-സംസ്ഥാന പദ്ധതി വിഹിതം എന്നിവയില്‍ വര്‍ഷംതോറും 10 ശതമാനം വര്‍ധിക്കുമെന്ന് കണക്കാക്കി 2021-22 വരെയുള്ള വിഹിതം നിശ്ചയിച്ചിട്ടുണ്ട്.
മൂന്നു വാല്യങ്ങളായാണ് ജില്ലാ പദ്ധതി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജനുവരി 22 മുതല്‍ ജില്ലാ ഭരണ കൂടത്തിന്റെ വെബ്‌സൈറ്റില്‍ പദ്ധതിയുടെ പകര്‍പ്പ് ലഭ്യമാകും.
- Log in to post comments