Skip to main content
 അവലോകന യോഗം നിലവിളക്ക് തെളിയിച്ചു കൊണ്ട് ആരംഭിക്കുന്നു

ശബരിമല തീര്‍ഥാടനം : വകുപ്പുകളുടെ പുരോഗതി സെക്രട്ടറിമാര്‍ വഴി സര്‍ക്കാരില്‍ അറിയിക്കണമെന്ന് മുഖ്യമന്ത്രി 

ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകള്‍ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാര്‍ വഴി സര്‍ക്കാരില്‍ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി നിലയ്ക്കലില്‍ സന്ദര്‍ശനം നടത്തിയ ശേഷം പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ദേവസ്വം ബോര്‍ഡിന്റെയും വിവിധ വകുപ്പുകളുടെയും മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തുകയായിരുന്നു അദ്ദേഹം. സന്നിധാനം, പമ്പ, നിലയ്ക്കല്‍, മറ്റ് തീര്‍ത്ഥാടന ഇടങ്ങള്‍ എന്നിവിടങ്ങളിലെ പ്രവൃത്തികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. നിലയ്ക്കലിലെ 21 പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ വൃത്തിയാക്കി മികച്ച രീതിയില്‍ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. നിലയ്ക്കലില്‍ പുതിയതായി നിര്‍മ്മാണം പൂര്‍ത്തിയായ പോലീസ് ബറാക്കില്‍ 600 പേര്‍ക്ക് സൗകര്യമുണ്ട്. പഴയ ബറാക്കിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണം. പമ്പ - ചാലക്കയം റോഡിന്റെ ആധുനിക രീതിയിലുള്ള നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് നിരത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. മറ്റ് റോഡുകളുടെ അറ്റകുറ്റപ്പണി രണ്ടാഴ്ചയ്ക്കകം തീര്‍ക്കണം. നിലയ്ക്കലില്‍ ജര്‍മന്‍ മാതൃകയിലുള്ള പന്തലോടെയുള്ള പോലീസ് എയ്ഡ് പോസ്റ്റ് നിര്‍മാണം, പമ്പാ, സന്നിധാനം പോലീസ് മെസ്സ്, പമ്പ പഴയ പോലീസ് സ്റ്റേഷന്‍, സന്നിധാനത്തെ എസ് എച്ച് ഒ യുടെ സ്റ്റേഷന്‍ തുടങ്ങി പോലീസിനായുള്ള സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി എന്നിവ ദേവസ്വം ബോര്‍ഡ് സമയബന്ധിതമായി നടത്തണം. മരക്കൂട്ടം - ശരംകൊത്തി പാതയില്‍ ബാരിക്കേഡിംഗ് ഉറപ്പാക്കണം. സ്ഥിര, താല്‍ക്കാലിക കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പൊതുമരാമത്ത് കെട്ടിട വിഭാഗം ഉറപ്പാക്കണം. മാലിന്യ സംസ്‌കരണത്തിനും ശുചിത്വത്തിനും ഏറ്റവും പ്രാധാന്യം നല്‍കണം. കുടിവെള്ള വിതരണത്തിന് കൃത്യമായ മോണിറ്ററിംഗ് ഉണ്ടാകണം. തീര്‍ത്ഥാടകര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് പരമാവധി സഹായം നല്‍കണം. വകുപ്പുകള്‍ കൃതമായ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍, മന്ത്രിമാരായ  സണ്ണി ജോസഫ്, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സിപി ജോണ്‍, എം ലിജു, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്,  എംഎല്‍എമാരായ പഴകുളം മധു, അബിന്‍ വര്‍ക്കി, സി വി ശാന്തകുമാര്‍, വര്‍ഗീസ് മാമ്മന്‍, കെ യു ജനീഷ് കുമാര്‍, എം ജെ സെബാസ്റ്റ്യന്‍, സിറിയാക് തോമസ്, റോണി കെ ബേബി, ദേവസ്വം സെക്രട്ടറി എംജി രാജമാണിക്യം, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍, വകുപ്പ് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി വി ഡി സതീശന്‍ സന്നിധാനത്തിലെ മുന്നൊരുക്കങ്ങളുടെ വിലയിരുത്തലിനായി യാത്ര തിരിച്ചു.

date