Skip to main content

എടപ്പാള്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനവും - നീലിയാട് റോഡിന്റെ സമര്‍പ്പണവും ജനുവരി 19 ന്

എടപ്പാള്‍ പട്ടണത്തിലെ  ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരമാകുന്നു. എടപ്പാള്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനവും എടപ്പാള്‍ - നീലിയാട് റോഡിന്റെ സമര്‍പ്പണവും ജനുവരി 19 ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. വൈകീട്ട് നാലരയ്ക്ക് നടക്കുന്ന പരിപാടിയില്‍ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷനും പൊന്നാനി എം.പി ഇ.ടി  മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയുമായിരിക്കും.
13.75 കോടി രൂപ ചിലവില്‍ കിഫ് ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എടപ്പാള്‍ മേല്‍പ്പാലം നിര്‍മിക്കുന്നത്. എടപ്പാള്‍ ജങ്ഷനില്‍ കുറ്റിപ്പുറം - തൃശ്ശൂര്‍ റോഡിന് മുകളിലൂടെയാണ് മേല്‍പ്പാലം നിര്‍മിക്കുക.  കോഴിക്കോട് റോഡില്‍ റൈഹാന്‍ കോര്‍ണറില്‍ നിന്നാരംഭിച്ച് തൃശ്ശൂര്‍ റോഡിലെ പഴയ എ.ഇ.ഒ ഓഫീസ് വരെയുള്ള 200 മീറ്ററോളം ദൂരത്തില്‍ പൂര്‍ണമായും പൊതു സ്ഥലത്ത് കൂടിയാണ്  മേല്‍പ്പാലം നിര്‍മിക്കുന്നത്. ഏഴര മീറ്റര്‍ വീതിയും പാര്‍ക്കിങ് സൗകര്യവും വശങ്ങളില്‍ മൂന്നര മീറ്റര്‍ സര്‍വീസ് റോഡും ഓരോ മീറ്റര്‍ വീതം നടപ്പാതയും ഉണ്ടാകും.
     കുറ്റിപ്പുറം - തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ജംങ്ഷനില്‍ സ്ഥിരമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയ്ക്ക് നാലുവര്‍ഷം മുമ്പ് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ മുന്‍കൈയെടുത്താണ് മേല്‍പ്പാലമെന്ന ആശയം മുന്നോട്ട് വച്ചത്.  റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ പ്ലാനും എസ്റ്റിമേറ്റും കിഫ് ബി അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് പദ്ധതിയ്ക്ക് മന്ത്രിസഭാ യോഗം   അനുമതി നല്‍കിയത്.

 

date