Skip to main content

പോഷൺ മാ ബ്ലോക്കുതല ക്യാമ്പയിൻ സംഘടിപ്പിച്ചു

 

 

കുട്ടികളുടെയും അമ്മമാരുടെയും പോഷകാഹാര നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ 'പോഷൺ മാ 2026' ബ്ലോക്ക്തല ക്യാമ്പയിൻ സംഘടിപ്പിച്ചു. കേച്ചേരി സിറ്റി മഹൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ് അധ്യക്ഷത വഹിച്ചു.

 

ഭക്ഷണത്തിലെ വൈവിധ്യവും പ്രോട്ടീൻ ലഭ്യതയും ഉറപ്പാക്കുക, അങ്കണവാടികളിലൂടെ പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുക, പ്രാരംഭബാല്യകാല വിദ്യാഭ്യാസവും പോഷകാഹാരവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, കുട്ടികളുടെ ആദ്യ 1,000 ദിവസങ്ങളിൽ മാതൃപോഷണത്തിന് പ്രാധാന്യം നൽകുക എന്നിവയാണ് ഈ വർഷത്തെ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. ‘നമ്മുടെ അങ്കണവാടി, നമ്മുടെ ഉത്തരവാദിത്തം’ എന്ന സന്ദേശത്തിലൂടെ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ അങ്കണവാടികളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പരിപാടിയിൽ ചർച്ച ചെയ്തു.

 

പരിപാടിയുടെ ഭാഗമായി മാതാപിതാക്കൾക്കായി പോഷകാഹാര പ്രദർശന മത്സരവും ബോധവൽക്കരണ കലാപരിപാടികളും സംഘടിപ്പിച്ചു. പോഷകാഹാരത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ യൂനസ് നേതൃത്വം നൽകി.

 

ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ സുനിൽകുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ജൂലറ്റ് വിനു, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഷൈല പുഷ്പാകരൻ, ചൊവ്വന്നൂർ ഐ.സി.ഡി.എസ്. സി.ഡി.പി.ഒ. കെ. ബബിത, സൂപ്പർവൈസർ എം.വി. ലീജ എന്നിവർ സംസാരിച്ചു. ചൊവ്വന്നൂർ, കണ്ടാണശ്ശേരി, കടങ്ങോട്, ചൂണ്ടൽ, വേലൂർ പഞ്ചായത്തുകളിലെ അങ്കണവാടി ജീവനക്കാരും കുട്ടികളുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

 

date