തളിക്കുളം ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി
തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രദേശത്തെ വളര്‍ത്തുനായകള്‍ക്കും പൂച്ചകള്‍ക്കുമായി പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് തുടങ്ങി. ക്യാമ്പിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം തളിക്കുളം മൃഗാശുപത്രി പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഡോക്ടര്‍ ആര്യ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
വെള്ളിയാഴ്ച ത്രിവേണി സബ് സെന്റര്‍ പരിസരത്ത് നടന്ന ക്യാമ്പന് പുറമെ, ശനിയാഴ്ച രാവിലെ പുതിയങ്ങാടി പരിസരത്ത് സംഘടിപ്പിച്ച കുത്തിവെയ്പ്പ് ക്യാമ്പും വിജയകരമായി പൂര്‍ത്തിയായി. വരുന്ന ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 11.30 വരെ പഞ്ചായത്തിന്റെ മറ്റ് പ്രധാന കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ തുടരും. ഒക്ടോബര്‍ 26 ന് ആര്യമ്പാടം പരിസരത്തും, ഒക്ടോബര്‍ 27 ന് പുന്നച്ചോട് വായനശാല പരിസരത്തുമാണ് കുത്തിവെയ്പ്പ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഒരു വളര്‍ത്തുമൃഗത്തിന് 55 രൂപ നിരക്കിലാണ് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ 6 മാസത്തിനുള്ളില്‍ വാക്സിന് എടുത്ത മൃഗങ്ങള്‍ക്ക് വീണ്ടും കുത്തിവെയ്പ്പ് എടുക്കേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വളര്‍ത്തുമൃഗ ഉടമകളും വരും ദിവസങ്ങളിലെ ക്യാമ്പുകള്‍ പരമാവധി പ്രയോജനപ്പെടുത്തി മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് ഉറപ്പാക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
- Log in to post comments