*ശുചിയായി ചിറക്കാക്കോട് - ആറാംകല്ല് റോഡ്*
മാലിന്യം നിറഞ്ഞ ഒരിടം ശുചീകരിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. ആ ദൗത്യം ഏറ്റെടുത്ത് ഭംഗിയായി നിറവേറ്റിയിരിക്കുകയാണ് മാടക്കത്തറ ഗ്രാമപഞ്ചായത്ത്.
'നിർമലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന്റെ ഭാഗമായാണ് കഴിഞ്ഞ ശനിയാഴ്ചയും (24/10/26) ഞായറാഴ്ചയുമായി (25/10/26) ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കുക, പരിസര ശുചിത്വം ഉറപ്പാക്കുക, മാലിന്യം വലിച്ചെറിയുന്ന പ്രവണത തടയുക എന്നിവയാണ് പ്രവർത്തനങ്ങളുടെ ലക്ഷ്യം.
ചിറക്കാക്കോട് - ആറാംകല്ല് റോഡിന്റെ ഇരുവശവും കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കാടുപിടിച്ചു കിടക്കുന്ന സ്ഥലമാണ്. ഈ ഭാഗത്താണ് ഇരുവശങ്ങളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുപിടിച്ച പ്രദേശങ്ങളിലും വിജനമായ സ്ഥലങ്ങളിലും മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.പി. പ്രശാന്ത്, എ.എം. അശോകൻ, സാവിത്രി രാമചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ധന്യ, ഷീന, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഷാജു, ഗ്രാമപഞ്ചായത്തംഗം ഗീതു രതീഷ്, മറ്റ് ജനപ്രതിനിധികൾ, ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കാളികളായി.
പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാതെ ശുചിത്വം സംരക്ഷിക്കുന്നതിന് എല്ലാവരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തിയ ഈ പ്രവർത്തനങ്ങൾ.
- Log in to post comments