Skip to main content

*വെള്ളമുണ്ടയിൽ സ്മാർട്ട് കോളർ പദ്ധതി വിജയകരം*

പഞ്ചായത്തില്‍ നിന്നുമുള്ള അറിയിപ്പുകളും മുന്നറിയിപ്പുകളും ജനങ്ങളിലേക്ക് നേരിട്ടും വേഗത്തിലും എത്തിക്കാൻ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ സ്മാർട്ട് കോളർ സംവിധാനം ശ്രദ്ധേയമാകുന്നു. സ്മാർട്ട് കോളർ സാങ്കേതിക വിദ്യ നടപ്പാക്കുന്ന ജില്ലയിലെ ആദ്യത്തെ പഞ്ചായത്താണ് വെള്ളമുണ്ട. വാർഡുകളിലെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ, നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ, പഞ്ചായത്ത് ഭരണസമിതിയുടെ പ്രധാന തീരുമാനങ്ങൾ എന്നിവ പൊതുജനങ്ങളെ അറിയിക്കാൻ സ്മാർട്ട് കോളർ സംവിധാനം പ്രയോജനപ്പെടുത്തുന്നു. പ്രകൃതിക്ഷോഭം, കനത്ത മഴ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ജാഗ്രതാ നിർദേശങ്ങൾ നൽകാനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഈ സംവിധാനം സഹായകമാണ്. പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിലൂടെ പഞ്ചായത്തും ജനങ്ങളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കാൻ പദ്ധതിക്ക് കഴിയുന്നു. 

ജൂലൈ 15ന് ആരംഭിച്ച പദ്ധതി ഒരു സ്വകാര്യ കമ്പനിയുടെ സഹായത്തോടെ വിജയകരമായി മുന്നോട്ടുപോവുകയാണ്. ജനങ്ങളിൽനിന്ന് മികച്ച സ്വീകാര്യതയും അനുകൂല പ്രതികരണവുമാണ് പദ്ധതിക്ക് ലഭിക്കുന്നതെന്ന് പഞ്ചായത്ത് പ്രിസിഡന്‍റ് ഖമർ ലൈല പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ചില പഞ്ചായത്തുകളില്‍ സ്മാർട്ട് കോളർ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഇതില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലും ഈ സംവിധാനം ആരംഭിച്ചത്. പഞ്ചായത്ത് അറിയിപ്പുകളും അടിയന്തര മുന്നറിയിപ്പുകളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ കഴിയുന്നത് പദ്ധതിയുടെ പ്രധാന നേട്ടമാണ്. സാങ്കേതികവിദ്യയെ പ്രാദേശിക ഭരണസംവിധാനവുമായി കൂട്ടിയിണക്കി ജനസേവനം കൂടുതൽ സുഗമമാക്കുന്ന ഈ സംരംഭം ഒരു മാതൃകയായി മുന്നോട്ടു വയ്ക്കുകയാണ് വെള്ളമുണ്ട പഞ്ചായത്ത്

date