Skip to main content

*തണലേകിയവർക്ക് തണലാകാൻ; കൽപ്പറ്റയിൽ വയോജന കലാമേള ‘പൊൻവസന്തം’*

വയോജനങ്ങളുടെ സർഗവാസനകൾക്ക് വേദിയൊരുക്കി കൽപ്പറ്റ നഗരസഭയുടെ വയോജന കലാമേളയും സംഗമവും ‘പൊൻവസന്തം’ സംഘടിപ്പിച്ചു. ‘തണലേകിയവർക്ക് തണലാകാൻ’ എന്ന സന്ദേശവുമായി 2026–27 സാമ്പത്തിക വർഷത്തെ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭാ അധ്യക്ഷൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ശശിധരൻ മാസ്റ്റർ അധ്യക്ഷനായി. വാർധക്യം വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടതല്ലെന്നും കലാവാസനകൾ പ്രകടിപ്പിക്കാൻ വയോജനങ്ങൾക്ക് അവസരമൊരുക്കുകയാണ് കലാമേളയുടെ ലക്ഷ്യം. ജീവിതാനുഭവങ്ങളുടെ കരുത്തുമായി വേദിയിലെത്തിയ വയോജനങ്ങളുടെ പ്രകടനങ്ങൾ മേളയെ ശ്രദ്ധേയമാക്കി. നഗരസഭാ പരിധിയിലെ മുഴുവൻ വയോജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സംഗമവും കലാമേളയും സംഘടിപ്പിച്ചത്. വയോജനങ്ങളുടെ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിനും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം കൂട്ടായ്മകൾ സഹായകമാകും. പുത്തൂർവയൽ സ്വാമിനാഥൻ ഫൗണ്ടേഷനിൽ നടന്ന വയോജന കലാമേളയില്‍ നഗരസഭാ കൗൺസിലർമാരായ ടി.ജി. ബീന, നിഷ, ഷരീഫ ടീച്ചർ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം പി. ഓമന, ഐ സി ഡി എസ് സൂപ്പർവൈസർ ഷീജ മാത്യു, അങ്കണവാടി അധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date