Skip to main content

ഫെസ്റ്റിവൽ ഓഫ് കേരളം നവംബർ ഒന്നിന് : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ അടയാളപ്പെടുത്തുന്ന ഫെസ്റ്റിവൽ ഓഫ് കേരളം 2026 ന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, കലാപാരമ്പര്യം, കായികനേട്ടങ്ങൾ, സാമൂഹിക പുരോഗതി എന്നിവയെ ആഘോഷിക്കുന്ന ഈ പരിപാടി വിവിധ തലമുറകളെയും കലാസാംസ്‌കാരിക മേഖലകളെയും ഒരുമിപ്പിക്കുന്ന വേദിയാകും.

വൈകിട്ട് നാലിന് ആരംഭിക്കുന്ന ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സ്വാഗതം ആശംസിക്കും. വിവിധ വകുപ്പ് മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, സാംസ്‌കാരിക മേഖലയിലെ വ്യക്തിത്വങ്ങൾ, കലാകാരന്മാർ, കായികതാരങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനങ്ങളിലൂടെ കേരളത്തിന്റെ യശസ്സുയർത്തിയ മലയാളി കായികതാരങ്ങളെ ആദരിക്കും. മലയാളസംഗീതത്തിന്റെ ഏഴ് പതിറ്റാണ്ടുകളായുള്ള പരിണാമയാത്രയും കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിൽ സംഗീതം ചെലുത്തിയ സ്വാധീനവും ആവിഷ്‌കരിക്കുന്ന ‘ഗാനാഞ്ജലി - കേരളത്തിന്റെ ആത്മാവിനുള്ള സംഗീതാർച്ചന’ വൈകിട്ട് ആറ് മുതൽ എട്ട് വരെ അരങ്ങേറും. ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം കേരളയും സംയുക്തമായാണ് ഗാനാഞ്ജലി സംഘടിപ്പിക്കുന്നത്. വൈകിട്ട് എട്ട് മുതൽ ഒൻപത് വരെ സുമ വർമയുടെ നേതൃത്വത്തിൽ പ്രത്യേക ശാസ്ത്രീയ നൃത്താവിഷ്‌കാരം അരങ്ങേറും.

പി.എൻ.എക്‌സ്. 4504/2026

date