ജീവിതശൈലീ രോഗങ്ങൾക്കെതിരെ ബോധവത്കരണവും പരിശോധനയും.മുക്കന്നൂർ ഗ്രാമപഞ്ചായത്തിൽ ജീവിതശൈലീ രോഗനിർണയ ക്യാമ്പ് നടത്തി
മുക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും (NHM) പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ ജീവിതശൈലീ രോഗങ്ങളുടെ നിരീക്ഷണത്തിനും ബോധവത്കരണത്തിനുമായി ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. മുക്കന്നൂർ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ദേവിക സുന്ദർ ബോധവത്കരണ ക്ലാസും നയിച്ചു.
പ്രമേഹം, രക്തസമ്മർദം, അമിതവണ്ണം, കാൻസർ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ പ്രോത്സാഹിപ്പിക്കുകയുമാണ് ക്യാമ്പിന്റെ ലക്ഷ്യം.
30 വയസ്സിന് മുകളിലുള്ളവർക്കായി വിവിധ ആരോഗ്യ പരിശോധനകൾ നടത്തി. ബിപി, പ്രമേഹം , ഉയരം, ഭാരം, ബോഡി മാസ് ഇൻഡക്സ് (BMI), ഹീമോഗ്ലോബിൻ എന്നിവ പരിശോധിക്കുകയും ക്ഷയരോഗം ഉൾപ്പെടെയുള്ള രോഗങ്ങളുടെ പ്രാഥമിക പരിശോധനയും നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പാലാട്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ ആരോഗ്യ സമിതി ചെയർപേഴ്സൺ വിൻസി സോമനാഥ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിൽസാ ജിജോ, മറ്റ് വാർഡ് മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, ലിസ്യു കോളേജിലെ നഴ്സിങ് വിദ്യാർഥികൾ തുടങ്ങിയവർ ഭാഗമായി.
- Log in to post comments