Skip to main content

സ്വയം തൊഴിലിലൂടെ സ്വയംപര്യാപ്തതയിലേക്ക്; സ്ത്രീകൾക്ക് കൈത്താങ്ങായി ദാക്ഷായണി പദ്ധതി

 

 

 

പ്രതിസന്ധികൾ മറികടന്ന് സാമ്പത്തിക സ്വയം പര്യാപ്തതയിലേക്ക് മുന്നേറാൻ പട്ടികജാതി വനിതകൾക്ക് പിന്തുണയൊരുക്കി പട്ടികജാതി വികസന വകുപ്പിൻ്റെ ദാക്ഷായണി സ്വയം തൊഴിൽ സഹായ പദ്ധതി. പട്ടികജാതി വനിതകളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന പദ്ധതി പുതിയ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ വനിതകൾക്ക് ധനസഹായം നൽകും. 

 

സംസ്ഥാനത്തുടനീളമുള്ള പട്ടികജാതി സ്ത്രീകൾക്കിടയിൽ സാമ്പത്തിക സ്വാതന്ത്ര്യം ശക്തിപ്പെടുത്തുക, സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുക, സുസ്ഥിരമായ ഉപജീവന അവസരങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഭരണഘടനാ നിർമാണസഭയിലെ ഏക ദളിത് വനിതയും പ്രമുഖ സാമൂഹിക പരിഷ്കർത്താവുമായിരുന്ന ദാക്ഷായണി വേലായുധനോടുള്ള ആദരസൂചകമായാണ് ഈ പദ്ധതിക്ക് ദാക്ഷായണി എന്ന പേര് നൽകിയിരിക്കുന്നത്.

 

പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഞ്ചോ അതിലധികമോ വനിതകൾ അംഗങ്ങളായ, ജില്ലാ രജിസ്ട്രാർ ഓഫീസിലോ കുടുംബശ്രീയിലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ രജിസ്റ്റർ ചെയ്ത സ്വയംസഹായ സംഘങ്ങൾക്കും വ്യക്തിഗതമായി സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

 

ഈ പദ്ധതി പ്രകാരം യോഗ്യരായ സ്വയം സഹായ സംഘങ്ങൾക്ക് പുതിയ സംരംഭം ആരംഭിക്കുന്നതിന് മൊത്തം പദ്ധതി ചെലവിന്റെ 75 ശതമാനം സബ്‌സിഡി ലഭിക്കും. പരമാവധി പത്ത് ലക്ഷം വരെയാണ് സഹായം ലഭിക്കുക. കുറഞ്ഞത് രണ്ട് വർഷമായി വിജയകരമായി പ്രവർത്തിക്കുന്ന നിലവിലുള്ള സംരംഭങ്ങൾക്ക് അഞ്ച് ലക്ഷം വരെ വിപുലീകരണ പിന്തുണയും ലഭിക്കും. ശേഷിക്കുന്ന പദ്ധതി ചെലവ് ബാങ്ക് വായ്പകളിലൂടെയോ എസ്‌.സി/എസ്.ടി വികസന കോർപ്പറേഷനിൽ നിന്നുള്ള സഹായത്തിലൂടെയോ ക്രമീകരിക്കാം.

 

കുടുംബത്തിന്റെ വാർഷിക വരുമാനം അഞ്ചുലക്ഷം രൂപയിൽ കവിയാത്ത 21 നും 55 നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് പാസായ പട്ടികജാതി വനിതകൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനാകും. അർഹരായ വനിതകൾക്ക് ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ വഴി അപേക്ഷ സമർപ്പിക്കാം. ബി.പി.എൽ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകൾ, വിധവകളും അവിവാഹിതരായ അമ്മമാർ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ, കേരള സ്റ്റാർട്ടപ്പ് മിഷനിൽ (കെ‌എസ്‌യുഎം) രജിസ്റ്റർ ചെയ്ത സ്ത്രീകൾ, നോർക്കയിൽ രജിസ്റ്റർ ചെയ്ത സ്ത്രീകൾ, പ്രൊഫഷണൽ യോഗ്യതയുള്ള തൊഴിൽ രഹിതരായ സ്ത്രീകൾ എന്നിവർക്ക് മുൻഗണന ലഭിക്കും.

date