Skip to main content

വയോജന സൗഹൃദ പഞ്ചായത്താകാന്‍ തവനൂര്‍; പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

തവനൂര്‍ ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി വയോജനങ്ങളുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക വയോജന ഗ്രാമസഭ സംഘടിപ്പിച്ചു. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി സൗജന്യ ആരോഗ്യ പരിശോധന, മെഡിക്കല്‍ ക്യാമ്പുകള്‍, വയോജന സംഗമങ്ങള്‍ എന്നിവ വരും ദിവസങ്ങളില്‍ നടത്തുമെന്നും പഞ്ചായത്തിലെ മുഴുവന്‍ ഘടകസ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

വയോജന സൗഹൃദ പഞ്ചായത്ത് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. അബൂബക്കര്‍ സിദ്ദീഖ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി. ബിന്ദു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. സുനിത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. അബ്ദുല്‍ ജലീല്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. മുത്തു, വാര്‍ഡ് അംഗം സി. സജിത, അസിസ്റ്റന്റ് സെക്രട്ടറി വി.എം. സജി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ അരുണിമ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, വയോജനങ്ങള്‍, കുടുംബശ്രീ-ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

 

date