Skip to main content

വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

അക്കാദമിക രംഗത്തും ഭൗതിക സാഹചര്യങ്ങളിലും മുന്നേറ്റം ലക്ഷ്യമിട്ട് കുറുവ ജി.എൽ.പി സ്കൂളിൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രതിഭാ പുരസ്കാര വിതരണവും നടന്നു. വിദ്യാലയത്തിൽ ഒരുക്കിയ ഡിജിറ്റൽ സ്ക്വയർ കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അക്കാദമിക മികവ് രേഖപ്പെടുത്തിയ 'മികവ്' എന്ന പ്രസിദ്ധീകരണത്തിന്റെ പ്രകാശനം മങ്കട എ.ഇ.ഒ ജോസ്മി ജോസഫ് നിർവഹിച്ചു. ഹൈടെക് പഠനാന്തരീക്ഷമൊരുക്കുന്നതിന്റെ ഭാഗമായുള്ള സ്മാർട്ട് ടി.വികളുടെ സമർപ്പണം മങ്കട ബി.പി.സി എ.കെ നാസറും നിർവഹിച്ചു.

വിവിധ വ്യക്തികൾ, സംഘടനകൾ, അധ്യാപകർ എന്നിവരുടെ സഹായത്തോടെയാണ് ഡിജിറ്റൽ പഠനത്തിനായി സ്മാർട്ട് ടി.വികൾ സജ്ജമാക്കിയത്. നാട്ടുകാർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർഥികൾ തുടങ്ങിയവരിൽ നിന്ന് സമാഹരിച്ച നൂറോളം കസേരകൾ വാർഡ് മെമ്പർ വാസുദേവൻ മുത്തേടത്ത് വിദ്യാലയത്തിന് കൈമാറി. പഞ്ചായത്തുതല കലോത്സവത്തിൽ എൽ.പി ജനറൽ, അറബിക് വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാർഥികളെയും വിവിധ മേളകളിൽ വിജയികളായവരെയും ചടങ്ങിൽ ആദരിച്ചു. ഹെഡ്മാസ്റ്റർ കുഞ്ഞവറ, ജനപ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

date