ഭരണഭാഷാ വാരാഘോഷവും പച്ചമലയാളം കോഴ്സ് ഉദ്ഘാടനവും നവംബര്‍ ഒന്നിന്
മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനവും പച്ചമലയാളം അടിസ്ഥാന കോഴ്സ് മൂന്നാം ബാച്ച് ക്ലാസ് ഉദ്ഘാടനവും നവംബര്‍ ഒന്നിന് രാവിലെ 9.30 ന് കോട്ടപ്പടി ഗവണ്മെന്റ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. എ.പി. അഹമ്മദുള്‍ കബീര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ. മുഹമ്മദ് ഫവാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കേരളപ്പിറവിയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയാണ് സംസ്ഥാനത്ത് ഭരണഭാഷാ വാരാഘോഷം ആചരിക്കുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിലൂടെ മലയാളം പഠിക്കാന്‍ സാധിക്കാത്തവര്‍ക്കായി സാക്ഷരതാ മിഷന് നടപ്പാക്കുന്ന പച്ചമലയാളം കോഴ്സിന്റെ മൂന്നാം ബാച്ചിനും ഇതോടൊപ്പം തുടക്കമാവും. നവംബര്‍ ആറിന് ആസൂത്രണ ഭവന് ഹാളില്‍ നടക്കുന്ന വാരാഘോഷത്തിന്റെ സമാപന ചടങ്ങില്‍ പ്രശസ്ത കവി വീരാന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും.
- Log in to post comments