Skip to main content

ശബരിമല തീര്‍ഥാടനം: വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ വില നിജപ്പെടുത്തി ചായയ്ക്കും പൊറോട്ടയ്ക്കും 15 രൂപ, ഊണിന് 80

ഈ വര്‍ഷത്തെ ശബരിമല മഹോത്സവത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ ഇടത്താവളങ്ങളിലുള്ള വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് വില നിര്‍ണ്ണയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉത്തരവിട്ടു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ബാര്‍ ഹോട്ടലുകള്‍ ഒഴികെയുള്ള ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ വിലയാണ് നിജപ്പെടുത്തിയത്. ഇതുപ്രകാരം കുത്തരി ഊണിനും വെജിറ്റബിള്‍ ബിരിയാണിക്കും 80 രൂപ, കഞ്ഞിക്ക് 45 രൂപ, ചായ, കാപ്പി, നാരങ്ങാവെള്ളം എന്നിവയ്ക്ക് 15 രൂപ, നെയ്‌റോസ്റ്റ്, മസാല ദോശ എന്നിവയ്ക്ക് 60 രൂപ, പൂരി മസാലയ്ക്ക് 50 രൂപ, കപ്പയ്ക്ക് 35 രൂപ, ബോണ്ട, ഉള്ളിവട, ബജി എന്നിവയ്ക്ക് 12 രൂപ എന്നിങ്ങനെയാണ് വിലനിലവാരം. മില്‍മ ഉത്പന്നങ്ങള്‍ എംആര്‍പി വിലയിലാണ് വില്‍ക്കേണ്ടത്.

ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും വിലവിവരപ്പട്ടിക മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ആറു ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം. ശബരിമല തീര്‍ഥാടകര്‍ക്ക് പരാതി അറിയിക്കുന്നതിന് പൊതുവിതരണ, ഭക്ഷ്യ സുരക്ഷാ, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളുടെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തണം.

ശബരിമല തീര്‍ഥാടകരില്‍ നിന്ന് അധിക വില ഈടാക്കുന്നതിന് സംയുക്ത സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

(ഐ.ഡി.കെ.പി.ആര്‍ 142/10/26)

 

തൊടുപുഴ നഗരസഭയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ നഗരസഭയിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തൊടുപുഴ ജൂണ്‍ എഫ്.എം, അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍, തൊടുപുഴ ബിഎംഎച്ച് ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍  സാബിറ നിര്‍വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ  മേഴ്സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

ബിഎംഎച്ച് ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. നീന ജോണിന്റെ നേതൃത്വത്തില്‍ ബ്രസ്റ്റ് ക്യാന്‍സര്‍ ബോധവല്‍ക്കരണവും സ്‌ക്രീനിങ്ങും, തൈറോയ്ഡ്, ലിവര്‍, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട രക്തപരിശോധനകളും  അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലിലെ ഡോ. പ്രിയങ്കയുടെ നേതൃത്വത്തില്‍ നേത്രപരിശോധനയും ഗ്ലോക്കോമ രോഗനിര്‍ണയവും നടത്തി.

(ഐ.ഡി.കെ.പി.ആര്‍ 143/10/26)

 

സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി

സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്  സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടം, ഇടുക്കി ജില്ലാ പോലീസ്, സംസ്ഥാന ഐ.ടി. മിഷന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിര്‍വഹിച്ചു.

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈബര്‍ സുരക്ഷയുടെ പ്രാധാന്യം ഏറിവരികയാണെന്നും സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷം ഉറപ്പാക്കേണ്ടത് ഓരോ പൗരന്റെയും സര്‍ക്കാര്‍ ജീവനക്കാരന്റെയും കൂട്ടായ ഉത്തരവാദിത്വമാണെന്നും കളക്ടര്‍ പറഞ്ഞു. വ്യക്തിഗതവും ഔദ്യോഗികവുമായ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

 സൈബര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കിരണ്‍കുമാര്‍ ടി. ആര്‍. നയിച്ച പരിശീലനത്തില്‍ വിവിധ സൈബര്‍ കുറ്റകൃത്യങ്ങള്‍, പുതുതായി ഉയര്‍ന്നുവരുന്ന ഓണ്‍ലൈന്‍ ഭീഷണികള്‍, അവ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ എന്നിവ വിശദീകരിച്ചു. സൈബര്‍ സുരക്ഷയ്ക്കായി പ്രയോജനപ്പെടുത്താവുന്ന വിവിധ മൊബൈല്‍ ആപ്പുകളും ഓണ്‍ലൈന്‍ സേവനങ്ങളും പ്രായോഗികമായി പരിചയപ്പെടുത്തി.

മൊബൈല്‍ ഫോണുകളുടെ സുരക്ഷ, നഷ്ടപ്പെട്ട ഉപകരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, ഡിജിറ്റല്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള ഡിജിറ്റല്‍ വെല്‍ബീയിംഗ് സംവിധാനങ്ങള്‍, കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള രക്ഷാകര്‍തൃ നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചും വിശദീകരിച്ചു.

ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം പരിശീലനത്തിന് നേതൃത്വം നല്‍കിയ ടി.ആര്‍ കിരണ്‍കുമാറിന്  ഉപഹാരം നല്‍കി.

 ജില്ലാ നിയമ ഓഫീസര്‍ എം.പി മനോജ്, ഡെപ്യൂട്ടി കളക്ടര്‍ കെ. സുനില്‍കുമാര്‍, അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ അജിത് ജോണ്‍ വര്‍ഗീസ്, ഐ.ടി. മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍  ആര്‍. രാഹുല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.

date