ജില്ലാ വികസന സമിതി യോഗം ചേർന്നു
ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അഞ്ജു കെ.എസിന്റെ അധ്യക്ഷതയിൽ ജില്ലാ വികസന സമിതി യോഗം ഓൺലൈനായി ചേർന്നു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കി പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
കഴക്കൂട്ടം മണ്ഡലത്തിലെ മടവൂർപ്പാറ ടൂറിസം വികസനം, ശ്രീകാര്യം ഫ്ലൈ ഓവർ നിർമാണം, മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിലെ അസൗകര്യങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു. പാറശാല മണ്ഡലത്തിലെ ചുള്ളിയൂർ പാലം നിർമാണം, സ്പോർട്സ് കേരള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമിക്കുന്ന നാല് സ്റ്റേഡിയങ്ങളുടെ പ്രവർത്തനങ്ങൾ, അമ്പൂരി ടൂറിസം ഡെസ്റ്റിനേഷൻ ഡെവലപ്മെന്റ് പദ്ധതി എന്നിവയുടെ പുരോഗതിയും വിലയിരുത്തി.
അരുവിക്കര മണ്ഡലത്തിലെ ബോണക്കാട് ലയങ്ങളുടെ പുനരുദ്ധാരണം, ഈരടി- വട്ടപ്പുല്ല് സെറ്റിൽമെന്റ് മേഖലയിലേക്കുള്ള റോഡ് നവീകരണം, കോട്ടൂരിൽ പുതുതായി ആരംഭിച്ച ആർ.ആർ.ടിയുടെ പ്രവർത്തനങ്ങൾ, അരുവിക്കര ടൂറിസം കോറിഡോർ എന്നിവയും ചർച്ചയായി.
പാർവതി പുത്തനാറിലെ ഭൂമി ഡി-മാർക്ക് ചെയ്യൽ, പ്രേംനസീർ സ്മാരകം സ്ഥലം ഏറ്റെടുക്കൽ, സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി അപകടകരമായ രീതിയിൽ ഇളക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ സംബന്ധിച്ച പരിശോധന, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിർത്തിവെച്ച കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ പുനരാരംഭിക്കൽ, വർക്കല നഗരസഭാ സൗന്ദര്യവൽക്കരണം, നെയ്യാർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായുള്ള കാടുപിടിച്ച കനാൽ പ്രദേശങ്ങൾ ഉപയോഗയോഗ്യമാക്കൽ, പുഞ്ചക്കരിയിലെ മധുപാലത്തിന്റെ വീതി കൂട്ടൽ തുടങ്ങിയ വിഷയങ്ങളും യോഗം പരിഗണിച്ചു.
എം.എൽ.എമാരായ വി. മുരളീധരൻ, സി.കെ. ഹരീന്ദ്രൻ, ജി. സ്റ്റീഫൻ, ആറ്റിങ്ങൽ, തിരുവനന്തപുരം എം.പിമാരുടെയും നേമം, വർക്കല എം.എൽ.എമാരുടെയും പ്രതിനിധികൾ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എ. നിസ, ജില്ലാ പ്ലാനിംഗ് ഓഫീസർ പ്രവീൺ പി. പള്ളത്ത്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments