Skip to main content

മാങ്കായിൽ സ്കൂളിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം നടത്തി

* മരട് മാങ്കായിൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ പൂർത്തീകരണ ഉദ്ഘാടനവും രണ്ടാംഘട്ട നിർമാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

ജന്മനാടായ മരടുമായുള്ള ആത്മബന്ധവും നാട്ടുകാർ വർഷങ്ങളായി നൽകുന്ന സ്നേഹവും പിന്തുണയും എന്നും മനസ്സിലുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മരട് മാങ്കായിൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും ചടങ്ങിന്റെ ഭാഗമായി നടന്നു. 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സ്കൂൾ കെട്ടിട നിർമാണത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനത്തോടൊപ്പം രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കും തുടക്കമായി.

സ്വന്തം നാടായ മരടിൽ എത്തിയപ്പോൾ പഴയകാല ഓർമകൾ മനസ്സിൽ നിറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. കാൽനടയായും സൈക്കിളിലും ബൈക്കിലും ബസിലുമെല്ലാം സഞ്ചരിച്ചിരുന്ന പഴയകാല ഓർമകൾ പങ്കുവെച്ച അദ്ദേഹം, കൊട്ടാരം ജങ്ഷനിൽ മിക്ക ദിവസങ്ങളിലും എത്തി നാട്ടുകാരുമായി സംസാരിച്ചിരുന്ന കാലം അനുസ്മരിച്ചു. പറവൂരിൽ മത്സരിച്ചപ്പോഴും മരടിൽനിന്ന് നിരവധി പേർ പിന്തുണയുമായി എത്തിയിരുന്നു. എവിടെയായിരുന്നാലും ജന്മനാടിനെയും നാട്ടുകാരെയും മറക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മരട് നഗരസഭയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകി. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ വൈക്കം വിജയലക്ഷ്മിയെ മുഖ്യമന്ത്രി ഉപഹാരം നൽകി ആദരിച്ചു. മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഗായികയുടെ നേട്ടം നാടിന്റെ അഭിമാനമാണെന്ന് ചടങ്ങിൽ അനുസ്മരിച്ചു. ആശംസാപ്രസംഗത്തിൽ എം.എൽ.എ രമേശ് പിഷാരടി, മുതിർന്ന ജനപ്രതിനിധികളിൽനിന്ന് ലഭിക്കുന്ന മാർഗനിർദേശങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. അധികാരം എന്നതിലുപരി ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ് ജനപ്രതിനിധികൾ ഉയർത്തിപ്പിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എൽ.എമാരായ ദീപക് ജോയ്, മുഹമ്മദ് ഷിയാസ്, രമേശ് പിഷാരടി, മുൻ എം.എൽ.എമാരായ കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ, മരട് നഗരസഭാ ചെയർപേഴ്സൺ അജിത നന്ദകുമാർ, വൈസ് ചെയർമാൻ ജിൻസൺ പീറ്റർ, മുൻ ചെയർപേഴ്സൺ സുനില സിബി, സ്കൂൾ പ്രിൻസിപ്പൽ, പി.ടി.എ പ്രതിനിധികൾ, നഗരസഭാ കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date