മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ മഴയളക്കൽ പ്രവർത്തകരെ ആദരിച്ചു
ജനകീയ കാലാവസ്ഥാ നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ പതിനൊന്ന് സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള മഴമാപിനികളിലെ മഴയളവ് ദിവസവും ശേഖരിച്ചു നൽകുന്ന പ്രവർത്തകരെ ആദരിച്ചു. ചടങ്ങ് കുസാറ്റ് റഡാർ കേന്ദ്രം ഡയറക്ടർ ഡോ. എസ്. അഭിലാഷ് ഉദ്ഘാടനം ചെയ്തു.
"ജനകീയ കാലാവസ്ഥാ നിരീക്ഷണവും അതിജീവനവും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൻ്റെ ഭാഗമായാണ് മഴയളക്കൽ പ്രവർത്തകരെ ആദരിച്ചത്.
മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത്, ഹ്യൂം സെൻ്റർ വയനാട്, സുസ്ഥിര ഫൗണ്ടേഷൻ തിരുവനന്തപുരം, തുരുത്തിക്കര സയൻസ് സെൻ്റർ എന്നിവയുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
വയനാട് ഹ്യൂം സെൻ്റർ ക്ലൈമറ്റ് ആക്ഷൻ ലീഡ് ജയ് ശ്രീകുമാർ "മുളന്തുരുത്തിയിലെ മഴയളവ് നൽകുന്ന പാഠങ്ങൾ" എന്ന വിഷയത്തിൽ അവതരണം നടത്തി.
മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് മഞ്ജു അനിൽകുമാർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺമാരായ ഒ.എ. മണി , ലതിക അനിൽ, ജോയൽ. കെ ജോയി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഡോ. പി.ജി ശങ്കരൻ, സുസ്ഥിര പ്രോഗ്രാം മാനേജർ ആഗ്‌നസ് മറിയ, പുളിക്കമാലി ഗവ. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ സുനിൽകുമാർ,സയൻസ് സെൻ്റർ എക്സിക്യൂട്ടീവ് ഡയറക്ടർ പി.എ തങ്കച്ചൻ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments