മലയാള ദിനാഘോഷം ഇന്ന്
ഭരണഭാഷ ക്വിസ് മത്സരവും ഭരണഭാഷ വാരാഘോഷം സമാപനവും ഏഴിന്
സംസ്ഥാന സർക്കാരും എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഭാഷാ വാരാഘോഷം ഇന്ന് രാവിലെ 11ന് കളക്ടറേറ്റിൽ നടക്കുന്ന മലയാള ദിനാഘോഷത്തോടെ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. രാധാകൃഷ്ണൻ മലയാള ദിനാഘോഷം ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവിയും ഗാനരചയിതാവുമായ പി കെ ഗോപി മുഖ്യാതിഥിയായി പങ്കെടുത്ത് ഭരണഭാഷാ സന്ദേശം നൽകും. പ്രശസ്ത ചരിത്രകാരൻ ഡോക്ടർ കെ കെ എൻ കുറുപ്പ് വിശിഷ്ടാതിഥിയാവും.
ജില്ലയിലെ അസിസ്റ്റന്റ് കളക്ടർമാരെ മലയാളം പഠിപ്പിച്ച കളക്ടറേറ്റ് ജീവനക്കാരൻ ടിവി സുനിൽകുമാറിനെ പി കെ ഗോപി പുരസ്കാരം നൽകി ആദരിക്കും. പി കെ ഗോപി രചിച്ച് ടി പി വി വിവേക് സംഗീതം നൽകി ടി പി വിവേകും രേഖ ശൈലേഷും ആലപിച്ച 'ഇളനീർമധുരം മലയാളം' എന്ന ഗാനത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിക്കും. ഗാനത്തിന്റെ ദൃശ്യാവിഷ്കാരം മീനാ കുറുപ്പും സംഘവും അവതരിപ്പിക്കും.
'കാവ്യഗീതിക' എന്ന കവിതകളുടെ സംഗീതാവിഷ്കാരപരിപാടി ടി പി വിവേക് അവതരിപ്പിക്കും.
അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി കെ വേലായുധൻ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, പിആർഡി അസിസ്റ്റന്റ് എഡിറ്റർ രമ്യ എ ടി, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നീർജ ജേക്കബ് എന്നിവർ സംസാരിക്കും.
നവംബർ ഏഴ് രാവിലെ 11ന് ശ്രീകുമാർ മുഖത്തല നയിക്കുന്ന ഭരണഭാഷാ പ്രശ്നോത്തരി മത്സരം നടക്കും. ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഉള്ളതാണ് മത്സരം
. മത്സരശേഷം വിജയികൾക്കുള്ള സമ്മാന വിതരണവും ഭരണഭാഷാ വാരാചരണത്തിന്റെ സമാപനവും നടക്കും. സമാപന സമ്മേളനം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും.
- Log in to post comments