Skip to main content

ശബരിമല തീര്‍ഥാടനം : മുന്നൊരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി സത്രത്തുനിന്ന് സന്നിധാനത്തേക്കുള്ള പാതയില്‍ വിവിധ വകുപ്പുകള്‍ നടപ്പിലാക്കേണ്ട മുന്നൊരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍ .വലിയാനവട്ടം. ചെറിയാനവട്ടം, മുക്കുഴി തുടങ്ങിയ പാതകള്‍ വൃത്തിയാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ് . സത്രം-വണ്ടിപ്പെരിയാര്‍ റോഡിന്റെ  അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. തീര്‍ഥാടകരുടെ സുഗമമായാത്രക്ക് തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുന്നതും വനപാതയില്‍ ഷെഡുകള്‍  നിര്‍മ്മിക്കുന്നതുമായ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്റ്റര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല തീര്‍ഥാടനം അവലോകനയോഗം നിര്‍ദ്ദേശിച്ചു.

സീറോ പോയിന്റ്, പുല്ലുമേട്, കഴുതക്കുഴി എന്നിവിടങ്ങളില്‍ സര്‍വീസ് സെന്ററുകള്‍ തുറക്കും. വാളാടി, സത്രം, പുല്ലുമേട്, മുക്കുഴി, ബോയ്സ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ആവശ്യത്തിന് ശുൗചാലയ സൗകര്യങ്ങളുണ്ടെന്ന് വനം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പാക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തിലാണ് ഇവിടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.

കാനനപാതയില്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ളം വിതരണം ഉറപ്പാക്കും. പൊതുമരാമത്ത് വകുപ്പിന്റെ  നേതൃത്വത്തില്‍ വിവിധ റോഡുകളുടെ കുഴിയടയ്ക്കല്‍ ഉള്‍പ്പടെയുള്ള അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ് . ഈ റോഡുകളില്‍ ആവശ്യമെങ്കില്‍ ബാരിക്കേഡുകളും സുരക്ഷാ മുന്നിറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും. വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട നിരക്കുകള്‍ ഓരോ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലും സ്ഥാപിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.  

പാഞ്ചാലിമേട്, പരുന്തുംപാറ, ഉപ്പുപാറ, പുല്ലുമേട്, കുമളി എന്നിവിടങ്ങളില്‍ ഫയര്‍ റെസ്‌ക്യൂ വകുപ്പ് ജീവനക്കാരെ വിന്യസിക്കും. മുക്കുഴി, സത്രം, പുല്ലുമേട്, വാളാടി എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ  നേതൃത്വത്തില്‍ പരിശോധനാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍  24 മണിക്കൂറും പട്രോളിംഗ് ഉറപ്പാക്കും . ബ്രേക്ക് ഡൗണ്‍ ആകുന്ന വാഹനങ്ങള്‍ നന്നാക്കുന്നതിന് വര്‍ക്ക്ഷോപ്പ് സഹായം നല്‍കുന്നതിനടക്കമുള്ള  സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഭക്ഷണങ്ങളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നതിന് ഹോട്ടലുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണത്തിന് നിശ്ചയിച്ചിട്ടുള്ള വിലനിലവാരം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ  നേതൃത്വത്തില്‍ ഇതിനായി പരിശോധന കര്‍ശനമാക്കും.ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി കുമളിയില്‍ എക്സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കും. കെഎസ്ആര്‍ടിസി കുമളിയില്‍ നിന്ന് പമ്പയിലേക്ക് 30 സര്‍വീസുകള്‍ നടത്തും. അഞ്ചുമല,കുമളി,പെരിയാര്‍,പീരുമേട് താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും യോഗത്തില്‍ ധാരണയായി .

എംഎല്‍എമാരായ സിറിയക് തോമസ്, സേനാപതി വേണു, എ.ഡി.എം ഇന്‍ ചാര്‍ജ് കെ. സുനില്‍കുമാര്‍, ആര്‍.ഡി.ഒ എസ്. ശ്രീജിത്ത്, വിവിധ വകുപ്പു മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

date