Skip to main content

സ്വാസ്ഥ്യം ശരണം -ആരോഗ്യത്തോടെ ശരണ യാത്ര- ആരോഗ്യവകുപ്പിന്റെ പ്രത്യേക ബോധവല്‍ക്കരണ കാമ്പയിന്‍

മണ്ഡല മകരവിളക്ക് ഉത്സവകാല പൊതുജനാരോഗ്യ പരിശോധനകള്‍ ശക്തമാക്കുന്നതിനായി സ്വാസ്ഥ്യം ശരണം- ആരോഗ്യത്തോടെ ശരണയാത്ര എന്ന പേരില്‍ പൊതുജനാരോഗ്യ ബോധവല്‍ക്കരണ കാമ്പയിനുമായി ആരോഗ്യവകുപ്പ്. മണ്ഡലപൂജ മകരവിളക്ക് മഹോത്സവ കാലത്തെ പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജെ മണികണ്ഠന്‍ അറിയിച്ചു. കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവംബര്‍ രണ്ട് രാവിലെ 10.30ന് ഭക്ഷണശാലകളിലെ ജീവനക്കാര്‍ക്കായി പമ്പ ശ്രീരാമസാകേതം ഹാളില്‍ ജില്ലാ കലക്ടര്‍ എ നിസാമുദ്ദീന്റ അധ്യക്ഷതയില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ ദിവസങ്ങളില്‍ ഹെല്‍ത്ത് സ്‌ക്വാഡ് ഭക്ഷണശാലകള്‍ നേരിട്ട് സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഉത്സവകാലത്ത് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നേരിട്ട് നിയമ നടപടികളിലേക്ക് കടക്കും. വ്യാജ ഹെല്‍ത്ത്കാര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ ആധികാരികത സംബന്ധിച്ച പരിശോധനക്കായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വൈദ്യസഹായത്തിനുള്ള സൗകര്യങ്ങളും ജീവനക്കാരുടെ നിയമനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. അയ്യപ്പഭക്തര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ അവബോധം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തീകരിച്ചു വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കച്ചവട സ്ഥാപനങ്ങള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍

1. മണ്ഡല- മകരവിളക്ക് ഉത്സവകാലത്തിന് മുന്നോടിയായി സ്ഥാപനങ്ങളിലെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസ്സുകള്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുകയും അംഗീകൃത ഗുണനിലവാര പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ്സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.
2. ഹരിത പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കണം.
3. ഖര, ദ്രവ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കണം.
4. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാചകം, വിതരണം ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത്കാര്‍ഡ് ഉണ്ടായിരിക്കണം.
5. താല്‍ക്കാലിക ഭക്ഷണ പാനീയ ശാലകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും താല്‍ക്കാലിക അനുമതി വാങ്ങി സൂക്ഷിക്കണം.
6. ഭക്ഷണസാധനങ്ങള്‍ പാചകം ചെയ്യുന്നവരും കൈകാര്യം ചെയ്യുന്നവരും വ്യക്തിശുചിത്വം പാലിക്കണം.
7. പാചകപ്പുരയും ഭക്ഷണശാലയും പരിസരവും മാലിന്യ രഹിതമായി സൂക്ഷിക്കണം.
8. പുകയില നിരോധിത മേഖലയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വിതരണം, ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുള്ളതും ശിക്ഷാര്‍ഹവുമാണ്. സിഗററ്റ് ആന്റ് അതര്‍ ടുബാകോ പ്രൊഡക്ട്‌സ് ആക്ട് (കോട്പ) കര്‍ശനമായി പാലിക്കണം.
9. ശീതളപാനീയങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ ഭക്ഷ്യയോഗ്യമായ ഐസ്, ശുദ്ധജലം എന്നിവ മാത്രം ഉപയോഗിക്കണം.
10. ബേക്കറി പലഹാരങ്ങള്‍ ചവണ ഉപയോഗിച്ചു മാത്രം നല്‍കുക. പച്ചക്കറികളും മറ്റും ശുദ്ധജലത്തില്‍ വൃത്തിയായി കഴുകി പാചകം ചെയ്യാന്‍ എടുക്കുക. പഴകിയ ഭക്ഷണസാധനങ്ങള്‍ ഒരു കാരണവശാലും നല്‍കരുത്.
11. തീര്‍ത്ഥാടകര്‍ക്ക് തിളപ്പിച്ചാറിയ ശുദ്ധമായ കുടിവെള്ളം മാത്രം നല്‍കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത്.
12. എലി, ഈച്ച തുടങ്ങിയ ക്ഷുദ്രജീവികളുടെ ശല്യം ഇല്ല എന്നുറപ്പുവരുത്തുക.
13. പൊതുജനാരോഗ്യ നിയമം കര്‍ശനമായി പാലിക്കുക. നിയമലംഘനം നടത്തുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ പൊതുജനാരോഗ്യ നിയമം 2023, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരം നിയമ നടപടികള്‍, പിഴ എന്നിവ ചുമത്തും.

date