Skip to main content

ശബരിമല തീര്‍ത്ഥാടനം : മെഗാ ക്ലീനിംഗ് ഡ്രൈവ് 'നിര്‍മലം - ശബരിമല' നവംബര്‍ ഒമ്പതിന്

ശബരിമല മണ്ഡലകാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ് 'നിര്‍മലം- ശബരിമല' നവംബര്‍ ഒമ്പതിന് ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്ന് സംഘടിപ്പിക്കും. തീര്‍ത്ഥാടന പാതകളും തീര്‍ത്ഥാടകര്‍ വിശ്രമിക്കുന്ന കേന്ദ്രങ്ങളും പൊതുയിടങ്ങളും ശുചീകരിച്ച് മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശബരിമല എ.ഡി.എം. ദിലീപ് കെ കൈനിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

 എന്‍.എസ്.എസ്, സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ഹരിതകര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. വ്യാപാര സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍, വാഹന ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും.
പ്രധാന റോഡുകള്‍, വിശ്രമകേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, ബസ് സ്റ്റോപ്പുകള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
 വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്ലാപ്പള്ളി മുതല്‍ പമ്പ വരെയുള്ള പ്രധാന പാതകളിലും കാനനപാതകളുടെ പ്രവേശന കവാടങ്ങളിലും ശുചീകരണം നടത്തും. വനത്തിനുള്ളില്‍ മാലിന്യങ്ങള്‍ കൂട്ടിയിടുകയോ കത്തിക്കുകയോ ചെയ്യാതെ ശാസ്ത്രീയമായി നീക്കം ചെയ്യും. റോഡരികിലെ കാഴ്ചപരിധി തടസ്സപ്പെടുത്തുന്ന പുല്ലുകളും പടര്‍പ്പുകളും വെട്ടിമാറ്റി ദിശാസൂചനകള്‍ വ്യക്തമാക്കുന്നതിനുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കും.
മണ്ഡലകാലം അവസാനിക്കുന്നതുവരെ തുടര്‍ച്ചയായ ശുചിത്വ പരിപാലന സംവിധാനം ഏര്‍പ്പെടുത്തും. പൊതുയിടങ്ങളില്‍ വീണ്ടും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ശക്തമാക്കുമെന്നും ശുചിത്വ മിഷന്‍ അധികൃതര്‍ അറിയിച്ചു.

date