Skip to main content

ഭരണഭാഷാ പുരസ്കാരം തൃശൂരിന്: പുരസ്കാരം ഏറ്റുവാങ്ങി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ

 

 

 

 സംസ്ഥാന സർക്കാരിന്റെ 2026-ലെ മികച്ച ജില്ലയ്ക്കുള്ള ഭരണഭാഷാ പുരസ്കാരം തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഏറ്റുവാങ്ങി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 'ഫെസ്റ്റിവൽ ഓഫ് കേരള'യുടെ ഉദ്ഘാടനച്ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണിൽ നിന്നും ജില്ലാ കളക്ടർ പുരസ്കാരവും 20,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും സ്വീകരിച്ചു.

 

 

ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം കാര്യക്ഷമമായി പ്രോത്സാഹിപ്പിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചതിനാണ് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിനെ മികച്ച ജില്ലയായി തിരഞ്ഞെടുത്തത്. ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

 

കേരളം സംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ പൂർത്തിയാകുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന 'ഫെസ്റ്റിവൽ ഓഫ് കേരളത്തിന്റെ' ഔദ്യോഗിക ഉദ്ഘാടനം സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് നിർവഹിച്ചു.

മന്ത്രി സി. പി. ജോൺ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ടൊവിനോ തോമസ് വിശിഷ്ടാതിഥിയായിരുന്നു. 

 

വിവിധ സർക്കാർ വകുപ്പുകൾക്കുള്ള ഭരണഭാഷാ പുരസ്‌കാരങ്ങൾ മന്ത്രി സി പി ജോണും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും വിതരണം ചെയ്തു. മന്ത്രി പി സി വിഷ്ണുനാഥ് എല്ലാവർക്കും ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 

പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് സ്വാഗതവും സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ അരവിന്ദ് ബി. എസ്. കൃതജ്ഞതയും രേഖപ്പെടുത്തി.

 

date